അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടങ്ങി; വിമാനത്താവളങ്ങളും റെയില്‍ പദ്ധതികളും ഉദ്ഘാടനം ചെയ്യും
വാരാണസി: അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് തുടക്കമായി. സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യ വിമാനത്താവളം, മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ ധാം ജങ്ൻ റെയില്‍വേ സ്റ്റേഷൻ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ആറ് വന്ദേ ഭാരത്, രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍, മറ്റ് റെയില്‍ പദ്ധതികള്‍ എന്നിവയും പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും.
15,700 കോടിയുടെ അടിസ്ഥാന വികസന പദ്ധതികള്‍ക്കും ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം പൂക്കളാല്‍ അലങ്കരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്ററുകളും പലയിടത്തും പതിച്ചിട്ടുണ്ട്. കനത്ത സുരക്ഷ വലയമാണ് സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠക്ക് മുന്നോടിയായാണ് മോദിയുടെ നഗരസന്ദര്‍ശനം. രാവിലെ 11.15 ഓടെയാണ് മോദിയുടെ റോഡ് ഷോ തുടങ്ങിയത്. അയോധ്യ നഗരത്തിന്റെ സമ്ബന്നമായ പൈതൃകം സംരക്ഷിക്കാൻ തന്റെ സര്‍ക്കാര്‍ തീരുമാനിച്ചതായി സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. ശനിയാഴ്ച താൻ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പട്ടികയെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ജനുവരി 16 മുതല്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷമാണ് രാമക്ഷേത്രം തുറക്കുക. അതിനു മുന്നോടിയായി നഗരം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്.
ശ്രീരാമന്റെ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. മൂന്ന് വ്യത്യസ്ത ഡിസൈനുകളില്‍ നിന്ന് ശ്രീരാമന്റെ വിഗ്രഹം തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്നലെ നടന്നിരുന്നു. , രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അതിലൊന്ന് ഒന്ന് ഐകകണ്‌ഠേന തിരഞ്ഞെടുക്കുകയായിരുന്നു.
അയോധ്യ ധാം ജങ്ഷൻ എന്ന് വിളിക്കപ്പെടുന്ന റെയില്‍വേ സ്റ്റേഷൻ 240 കോടി രൂപ ചെലവിലാണ് പുനര്‍ വികസിപ്പിച്ചത് . ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, വെയിറ്റിങ് ഹാളുകള്‍, ക്ലോക്ക്‌റൂമുകള്‍, ഫുഡ് പ്ലാസകള്‍ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന മൂന്നുനില കെട്ടിടമാണ് ഇത്.