റിസര്‍വ് വനവും സ്വകാര്യ എസ്റ്റേറ്റുകളും വാകേരിയിലെ കടുവദുരിതം തുടരും
സുല്‍ത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ വാകേരിയില്‍ കടുവകള്‍ ഇടക്കിടെ എത്താൻ കാരണം പ്രദേശത്തിന്റെ ഭൂമിശാസ്ത്രം.
ചെതലയം വനത്തോടു ചേര്‍ന്ന പ്രദേശം, വനം പോലെയുള്ള സ്വകാര്യ എസ്റ്റേറ്റുകള്‍ എന്നിവയൊക്കെയാണ് കടുവകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെയായി ഈ ഭാഗത്ത് കടുവശല്യം രൂക്ഷമായിട്ട്.
കടുവകള്‍ വരുന്നത് ചെതലയം വനത്തിലൂടെ
സുല്‍ത്താൻ ബത്തേരി-പുല്‍പള്ളി റോഡിലെ ചെതലയം കാട്ടില്‍നിന്നാണ് കടുവകള്‍ വാകേരി ഭാഗത്ത് എത്തുന്നതെന്നാണ് വനംവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെതലയം റേഞ്ചിലെ വനം കുറിച്യാട്, മുത്തങ്ങ റേഞ്ചുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. കര്‍ണാടകയിലെ കടുവസങ്കേതമായ ബന്ദിപ്പൂരില്‍നിന്ന് കടുവകള്‍ക്ക് മുത്തങ്ങ വനത്തിലെത്താൻ ഒരു പ്രയാസവുമില്ല. കടുവകളുടെ സഞ്ചാരപഥം അന്വേഷിക്കുമ്ബോള്‍ കര്‍ണാടകയിലേക്കാണ് എത്തുന്നത്. വയനാട് വന്യജീവി സങ്കേതത്തില്‍ 150ലേറെ കടുവകള്‍ ഉണ്ടെന്നതും ഇവിടെ ചേര്‍ത്തുപറയണം.
കൂട്, കാമറ, റോന്തുചുറ്റല്‍
രണ്ടുവര്‍ഷം മുമ്ബ് ഈ തോട്ടത്തോടു ചേര്‍ന്ന സ്വകാര്യ കൃഷിയിടത്തിലെ കുഴിയില്‍ കടുവക്കുഞ്ഞിനെ കണ്ടെത്തുകയുണ്ടായി. രണ്ടു കുഞ്ഞുങ്ങളുമായി ഒരു അമ്മക്കടുവ എസ്റ്റേറ്റിനടുത്തുള്ള പൂതിക്കാട് ഭാഗത്ത് എത്തിയിരുന്നു.
കൂട്, കാമറ, റോന്തുചുറ്റല്‍ എന്നിവയാണ് കടുവ നാട്ടിലിറങ്ങുമ്ബോള്‍ വനംവകുപ്പ് ചെയ്യുന്ന പ്രതിവിധികള്‍.
മൂടക്കൊല്ലിയില്‍ മനുഷ്യനെ കൊന്നുതിന്നിട്ടും ആ കടുവ കൂട്ടില്‍ കയറുന്നതുവരെ കാത്തിരിക്കാൻ നാട്ടുകാര്‍ നിര്‍ബന്ധിതരായി. ഏതാനും ദിവസമായി സിസി ഭാഗത്ത് കറങ്ങുന്ന കടുവക്കായി വനംവകുപ്പ് അധികൃതര്‍ കൂടുവെച്ച് കാത്തിരിക്കുകയാണ്.
പരിചരണമില്ലാതെ എസ്റ്റേറ്റുകള്‍
പരിചരണമില്ലാതെ കിടക്കുന്ന എസ്റ്റേറ്റുകള്‍ പൂതാടി പഞ്ചായത്തില്‍ ഏറെയാണ്. കെ.എഫ്.ഡി.സിയുടെ അധീനതയിലുള്ള പാമ്ബ്ര എസ്റ്റേറ്റ് തന്നെ ഉദാഹരണം. മരിയനാട്, തൊപ്പിപ്പാറ, ഗാന്ധി നഗര്‍ എന്നിങ്ങനെ ഈ എസ്റ്റേറ്റ് നീണ്ടുകിടക്കുകയാണ്. ആയിരത്തിലേറെ ഏക്കര്‍ വരും. ഇതിനടുത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള പാമ്ബ്ര എസ്റ്റേറ്റുമുണ്ട്. രണ്ടിലും കടുവകള്‍ ഇടക്കിടെ എത്തുന്നു. കൂടല്ലൂര്‍ ഭാഗത്തേക്കു പോകുമ്ബോള്‍ ചെറുകിട തോട്ടങ്ങളാണ് കൂടുതലും. വാകേരി എത്തുമ്ബോള്‍ സ്വകാര്യ എസ്റ്റേറ്റുകളായി. പാമ്ബ്രയില്‍നിന്ന് ഏദൻ വാലി എസ്റ്റേറ്റിലെത്താൻ വന്യമൃഗങ്ങള്‍ക്ക് കുറഞ്ഞ സമയം മതി. സിസി, മടൂര്‍ വഴി കല്‍പന-പുല്ലുമല ഭാഗത്തേക്കും കടുവകള്‍ നീങ്ങുന്നു. കല്‍പനയിലും പുല്ലുമലയിലും സ്വകാര്യ എസ്റ്റേറ്റുകളുണ്ട്. മൈലമ്ബാടി, മണ്ഡകവയല്‍, എസ്റ്റേറ്റ് കവല, കൃഷ്ണഗിരി, കൊളഗപ്പാറ, അരിവയല്‍ എന്നിങ്ങനെ കടുവകളുടെ ഒരു സഞ്ചാരപാത തന്നെ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് കൊളഗപ്പാറയിലേക്കും നീളുന്നു. ചെതലയം കാട്ടില്‍നിന്ന് പാമ്ബ്ര വഴി കൂടല്ലൂര്‍, വാകേരി, സിസി, പുല്ലുമല എത്തുന്ന കടുവക്ക് അങ്ങനെ മധ്യപ്രദേശ് തോട്ടത്തിലും എത്താനാകുന്നു. മധ്യപ്രദേശ് തോട്ടം കടുവകളുടെ ആവാസവ്യവസ്ഥക്ക് യോജിച്ചതാണെന്ന സൂചനയാണ് തോട്ടവുമായി അടുത്ത് ഇടപഴകിയവര്‍ നല്‍കുന്നത്.