തിരുനാവായക്ക് സ്മാര്‍ട്ട് കൃഷിഭവൻ നഷ്ടപ്പെടുമോ ?

തിരുനാവായ: മൂന്നു വര്‍ഷം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്മാര്‍ട്ട് കൃഷിഭവൻ സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നാല്‍ കൃഷിഭവൻ തിരുനാവായക്ക് നഷ്ടപ്പെടാൻ സാധ്യത.

പഞ്ചായത്തിന്റെ അധീനതയിലുള്ള ശാന്തി ടൂറിസ്റ്റ് ഹോമിനു പിറകിലാണ് കൃഷിഭവൻ സ്ഥാപിക്കാൻ ആദ്യം തീരുമാനിച്ചത്. മണ്ണ് പരിശോധനയില്‍ ആ സ്ഥലം അനുയോജ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ചീര്‍പ്പും കുണ്ട് പരിസരത്തേക്കു മാറ്റുകയായിരുന്നു. മണ്ണ് പരിശോധനയില്‍ അവിടെയും അനുയോജ്യമല്ലെന്നു കണ്ടതിനാലാണ് പഞ്ചായത്ത് ബോര്‍ഡിലെ എല്ലാവരുടെയും അഭിപ്രായം മാനിച്ച്‌ പട്ടര്‍നടക്കാവ് മിനിസ്റ്റേഡിയത്തിന്റെ ഒരു വശത്തേക്ക് മാറ്റാൻ തീരുമാനമായത്.

70 ലക്ഷം രൂപയാണ് ഇതിനായി കൃഷി വകുപ്പ് അനുവദിച്ചിരിക്കുന്നത്. മാര്‍ച്ചിന് മുമ്ബ് തറക്കല്ലിട്ട് പണി തുടങ്ങിയില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടും. 70 ലക്ഷത്തിന്റെ കൂടെ 25 ലക്ഷം കൂടി കിട്ടിയാലേ പണി പൂര്‍ത്തിയാക്കാൻ കഴിയൂ. ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത്, എം.എല്‍.എ ഫണ്ടുകള്‍ കിട്ടാൻ സാധ്യതയുണ്ടെങ്കിലും കൃഷി വകുപ്പ് അനുവദിച്ച ഫണ്ടിന്റെ കൂടെ മറ്റൊരു ഫണ്ടും ചേര്‍ക്കാൻ പാടില്ലെന്ന സാങ്കേതിക പ്രശ്നമാണ് പഞ്ചായത്ത് അധികൃതരെ വലക്കുന്നത്. ഈ സാഹചര്യത്തില്‍ കൃഷി വകുപ്പ് തന്നെ ഫണ്ട് കൂട്ടുകയോ അല്ലെങ്കില്‍ മറ്റു ഫണ്ടുകള്‍ സ്വീകരിക്കാൻ പാടില്ലെന്ന സാങ്കേതികത്വം മാറ്റുകയോ ചെയ്തില്ലെങ്കില്‍ കെട്ടിട നിര്‍മാണം നടക്കാതെ പോകും.

മൂന്നു സ്ഥലം കാണിച്ചിട്ടും നടക്കാത്ത സാഹചര്യത്തില്‍ നാലാമതൊരു സ്ഥലം നിര്‍ദേശിച്ചാലും കൃഷി വകുപ്പ് അനുകൂലിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ വില്ലേജ് ഓഫിസ് കോമ്ബൗണ്ടിലെ സ്ഥലം വിട്ടുകിട്ടിയാല്‍ പഞ്ചായത്തിലെ എല്ലാ ഓഫിസുകളൂം അങ്ങോട്ടു മാറ്റാനാകും. അതിനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. മാര്‍ച്ചിനു മുമ്ബ് ഇതും നടന്നില്ലെങ്കില്‍ തിരുനാവായക്ക് സ്മാര്‍ട്ട് കൃഷി ഭവൻ സ്വപ്നമായി അവശേഷിക്കും. ഇതിനിടയില്‍ മിനി സ്റ്റേഡിയത്തിന്റെ സ്ഥലം അപഹരിച്ച്‌ കൃഷിഭവൻ സ്ഥാപിക്കുന്നതിനെതിരെ അവിടെയും മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.