യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഒമ്പതിന് വിധി
തലശ്ശേരി: പീഡനം കാരണം യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ഒമ്ബതിന് കോടതി വിധി പറയും. ഭര്‍തൃ സഹോദരിയാണ് കേസില്‍ വിചാരണ നേരിട്ടത്.
ചൊക്ലി അണിയാരത്തെ മലക്ക് താഴെ കുനിയില്‍ എ.കെ. ശാരദയുടെ മകള്‍ ഷിജിനയാണ് (28) ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഭര്‍ത്താവ് തൃപ്പങ്ങോട്ടൂര്‍ മലയൻകണ്ടി വീട്ടില്‍ പവിത്രന്റെ സഹോദരി എം.കെ. വസന്തയാണ് (50) പ്രതിസ്ഥാനത്തുള്ളത്.
2013 ഫെബ്രുവരി 19ന് പുലര്‍ച്ചയാണ് സംഭവം. 2010 ജൂലൈ 10നാണ് ബംഗളൂരുവില്‍ ജോലിയുള്ള പവിത്രൻ ഷിജിയെ വിവാഹം കഴിച്ചത്. ഇവരുടെ ദാമ്ബത്യത്തില്‍ ഒരു കുട്ടിയുമുണ്ട്. ബന്ധുവായ രാജന്റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. വിവാഹസമയത്ത് 35 പവൻ ആഭരണം നല്‍കിയാതായി ഷിജിയുടെ അമ്മ ശാരദ ജില്ല പൊലീസ് ചീഫിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ആത്മഹത്യയെന്ന നിലയിലെത്തിയ കേസ് ശാരദ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വസന്തയെ പ്രതിയാക്കി കേസെടുത്തത്. അന്നത്തെ തലശ്ശേരി എ.എസ്.പി ധീരജ് കുമാര്‍ ഗുപ്തയാണ് അന്വേഷണം നടത്തിയത്.
പൊലീസ് ഓഫിസര്‍മാരായ മൂസ്സ വള്ളിക്കാടൻ, കെ.വി. വേണുഗോപാല്‍, ഇ.വി. ഫായിസ് അലി, സന്തോഷ് കുമാര്‍, തഹസില്‍ദാര്‍ എ.എം. മധുസൂദനൻ, ഫോറൻസിക് സര്‍ജൻ ഡോ.എസ്. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡര്‍ അഡ്വ. ഇ. ജയറാംദാസാണ് ഹാജരാവുന്നത്.