‘ഓള’മായി ജലയാത്ര

കൊച്ചി: അവധി ദിനങ്ങളില്‍ കൊച്ചി കാണാനെത്തിയവര്‍ കൂടുതല്‍ ആശ്രയിച്ചതോടെ വൻ ഹിറ്റായി ജലഗതാഗതം. കഴിഞ്ഞ 10 ദിവസത്തിനിടെ പതിനായിരങ്ങളാണ് ജല മെട്രോയടക്കം നഗരത്തിലെ ബോട്ടുകളില്‍ യാത്രചെയ്തത്.

പുതുവത്സരത്തലേന്നുള്‍പ്പെടെ വൻ തിരക്കാണ് എറണാകുളം ബോട്ട് ജെട്ടിയിലും അനുഭവപ്പെട്ടത്. കൊച്ചിൻ കാര്‍ണിവല്‍ ആസ്വദിക്കാൻ ഫോര്‍ട്ട്കൊച്ചിയിലേക്ക് എത്തിയ വലിയൊരു വിഭാഗം ആളുകള്‍ ബോട്ടില്‍ യാത്രചെയ്തു. പുതുവത്സരത്തലേന്ന് നിയന്ത്രണ ഭാഗമായി വൈകീട്ട് 7.30 വരെയായിരുന്നു എറണാകുളം-ഫോര്‍ട്ട്കൊച്ചി ബോട്ട് സര്‍വിസ്.

ശേഷം പുലര്‍ച്ച 12.30 മുതല്‍ രണ്ടുവരെയും സര്‍വിസ് നടത്തി. പിന്നീട് പുലര്‍ച്ച അഞ്ചുമുതലും സര്‍വിസ് ആരംഭിച്ചു. അന്നേദിവസം ആകെ 15,000ത്തോളം യാത്രക്കാര്‍ സഞ്ചരിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു. മുൻ ദിവസങ്ങളിലും പതിനായിരത്തിലധികം പേര്‍ എത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ സമയം നോക്കാതെ ജനങ്ങളുടെ സൗകര്യാര്‍ഥം ബോട്ടുകള്‍ ലഭ്യമാകുന്നതിനനുസരിച്ച്‌ സര്‍വിസ് ക്രമീകരിക്കുകയായിരുന്നു. കായല്‍ സൗന്ദര്യവും കപ്പലുകളുടെ കാഴ്ചയുമൊക്കെ ആസ്വദിച്ചുള്ള യാത്ര ഏറെ ആസ്വാദ്യകരമായെന്നാണ് യാത്രക്കാരുടെ പ്രതികരണങ്ങള്‍.

ജല മെട്രോ ബോട്ടുകള്‍

നിലവില്‍ 12 എണ്ണം

പദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ 78

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന ബാറ്ററി പവേഡ് ഇലക്‌ട്രിക് ബോട്ടുകള്‍

50 പേര്‍ക്ക് നിന്നും 50 പേര്‍ക്ക് ഇരുന്നും യാത്ര ചെയ്യാം

പൂര്‍ണമായും ശീതീകരിച്ച ബോട്ടുകള്‍

വേഗം- ഇലക്‌ട്രിക് മോഡില്‍ എട്ട് നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 14.816 കി.മീ.),

ഹൈബ്രിഡ് മോഡില്‍ 10 നോട്ടിക്കല്‍ മൈല്‍ (18.519 കി.മീ.)

മറൈൻഡ്രൈവില്‍ തിരിച്ചടിയായി പാര്‍ക്കിങ് പ്രശ്നം

വാഹനങ്ങളിലെത്തുന്നവര്‍ക്ക് പാര്‍ക്കിങ് സൗകര്യം പരിമിതപ്പെട്ടത് മറൈൻ ഡ്രൈവിന് തിരിച്ചടിയായി. ഇതോടെ ഇവിടെനിന്നുള്ള വിനോദസഞ്ചാര ബോട്ടിങ്ങിന് മുൻവര്‍ഷങ്ങളെ അപേക്ഷിച്ച്‌ ആളുകള്‍ കുറഞ്ഞതായി ബോട്ടുടമകള്‍ പറഞ്ഞു. പാര്‍ക്കിങ്ങിന് സ്ഥലമില്ലാതെ വന്നതോടെ ബോട്ടിങ്ങിനെത്തിയവര്‍ പലരും മടങ്ങുന്ന സ്ഥിതിയുണ്ടായി. സാധാരണ എത്താറുള്ളതിനെ അപേക്ഷിച്ച്‌ 30 ശതമാനത്തോളം പേര്‍ മാത്രമാണ് ഇത്തവണ ബോട്ടിങ്ങിനെത്തിയതെന്ന് മറൈൻഡ്രൈവ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.ബി. സാജു ‘മാധ്യമ’ത്തോട് പറഞ്ഞു.

ചിറ്റൂരില്‍ മെട്രോ ഈ മാസംതന്നെ

ചിറ്റൂര്‍ ടെര്‍മിനലിലേക്ക് ജല മെട്രോ സര്‍വിസ് ഉടൻ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഇവിടേക്കുള്ള ട്രയല്‍റണ്‍ നടന്നുവരുകയാണ്. ഈ മാസംതന്നെ സര്‍വിസ് തുടങ്ങാനാണ് പദ്ധതി. ഫോര്‍ട്ട്കൊച്ചിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മറ്റ് ടെര്‍മിനലുകളിലും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയാണ്. നിലവില്‍ ഹൈകോര്‍ട്ട്-വൈപ്പിൻ, ഹൈകോര്‍ട്ട്-ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നിങ്ങനെയാണ് സര്‍വിസുകള്‍.

റെക്കോഡ് യാത്രക്കാര്‍

പുതുവത്സരത്തില്‍ റെക്കോഡ് യാത്രക്കാരുമായി കൊച്ചി ജല മെട്രോ. ഞായറാഴ്ച മാത്രം 22,000ത്തോളം യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിച്ചു. പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകുമ്ബോള്‍ 38 ടെര്‍മിനലുകളാണ് ജല മെട്രോക്ക് ആകെയുണ്ടാകുക. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 76 കി.മീ. നീളത്തില്‍ കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിച്ചായിരിക്കും യാത്ര.