കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേരളം; സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കി മന്ത്രിമാര്‍
തൊടുപുഴ: 13 വളര്‍ത്തുപശുക്കള്‍ ചത്തതിനെ തുടര്‍ന്ന് വിഷമത്തിലായ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേരളം.
പതിനാലും പതിനെട്ടും വയസ്സുള്ള കുട്ടികര്‍ഷകരെ ആശ്വസിപ്പിക്കാൻ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും രാവിലെ തന്നെ വീട്ടിലെത്തി. കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മന്റ് ബോര്‍ഡില്‍നിന്ന് ഇൻഷുറൻസ് പരിരക്ഷയോടെ ഒരാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് നല്‍കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. അടിയന്തര സഹായമായി 45,000 രൂപ മില്‍മയും നല്‍കും. ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്സ് നല്‍കും. ത്രിതല പഞ്ചായത്തുകളുടെ സഹായം വിവിധ പദ്ധതികള്‍ വഴി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് കുട്ടികര്‍ഷകര്‍ക്ക് ശാസ്ത്രീയ പശുവളര്‍ത്തലില്‍ പരിശീലനവും നല്‍കും.
പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള പണം എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നല്‍കുമെന്ന് അറിയിച്ചിരുന്നു. നേരത്തെ നടൻ ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് നല്‍കിയത്. മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
മികച്ച കുട്ടിക്കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ മാത്യു ബെന്നിയുടെയും ജോര്‍ജിന്റെയും 13 പശുക്കളാണ് ഞായറാഴ്ച രാത്രി 10 മണിയോടെ ചത്തത്. 22 പശുക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. അഞ്ച് പശുക്കള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതില്‍ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കപ്പത്തണ്ടിലെ സയനൈഡ് വിഷബാധയാണ് പശുക്കള്‍ ചാവാൻ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.