ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
ഷാര്‍ജ: മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്.
തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരൻതോട് സനോജ് മൻസിലില്‍ എസ്.എൻ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്ന മൻസിലില്‍ ജസീം സുലൈമാൻ (31) എന്നിവരാണ് മരിച്ചത്.
ജസീമിന്‍റെ ഭാര്യ ഷിഫ്ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാര്‍ജയിലെ അല്‍ ദൈത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഷാര്‍ജയിലെ അല്‍ ദൈതില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അപകടം. പുതുവത്സര ദിനത്തില്‍ യാത്രപോയി തിരികെ വരുന്നതിനിടെ അല്‍ദൈതില്‍ വെച്ച് റോഡില്‍ യുടേണ്‍ എടുക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. അജ്മാനിലെ ഡ്രീം യൂനിഫോം എന്ന സ്ഥാപനത്തില്‍ ജീവനക്കരനാണ് മരിച്ച ജസീം. ഇദ്ദേഹത്തിന്‍റെ പിതാവിന്‍റെ സഹോദരി പുത്രിയുടെ ഭര്‍ത്താവാണ് ഷനോജ്. ഇരുവരുടെയും മൃതദേഹങ്ങള്‍ അജ്മാൻ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സെയ്ദ് മുഹമ്മദ് ഷാജഹാനാണ് സനോജിന്‍റെ പിതാവ്. മാതാവ്: നൂര്‍ജഹാൻ, ഭാര്യ: എൻ.എസ് ശബ്ന സനോജ്. മക്കള്‍: മുഹമ്മദ് സയാൻ, സാദിയ ഫര്‍ഹത്, സമീഹ ഫാത്തിമ, സിഹാൻ. ജസീം സുലൈമാന്‍റെ പിതാവ് സുലൈമാൻ. മാതാവ്: റസിയ, ഭാര്യ: ഷിഫ്ന ഷീന അബ്ദുല്‍ നസീര്‍. മക്കള്‍: ഇഷ ഫാത്തിമ, ആദം.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനായി സാമൂഹിക പ്രവര്‍ത്തകൻ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളായ വിജയൻ നായര്‍, ഖാൻ പാറയില്‍, പ്രഭാത് നായര്‍, നവാസ് തേക്കട, സുരേഷ് കൃഷ്ണ, അഭിലാഷ് രത്നാകരൻ എന്നിവരും സഹായങ്ങള്‍ക്കായി രംഗത്തുണ്ട്.