രക്ഷകനുമായി സൈക്കിളിലേറി മോഹനൻ ശബരിമലയിലേക്ക്

നീലേശ്വരം: ‘ഒരുപക്ഷേ അന്ന് കുളത്തിന്റെ പടവുകളില്‍ അറിയാതെ കാലെടുത്തു വെച്ചിരുന്നുവെങ്കില്‍ ഇന്നീ ഭൂമുഖത്ത് ഞാനുണ്ടാകുമായിരുന്നില്ല.

പടവുകളില്‍ കാലെടുത്തുവെക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്ബ് പാമ്ബിനുനേരെ മണികണ്ഠൻ നായ് ചാടിയില്ലായിരുന്നുവെങ്കില്‍ ഇന്നെനിക്ക് അയ്യപ്പ സന്നിധിയിലേക്കെത്താൻ സാധിക്കുമായിരുന്നില്ല’. തിരുവനന്തപുരം സ്വദേശിയും കഴിഞ്ഞ 36 വര്‍ഷമായി നീലേശ്വരത്ത് താമസിച്ച്‌ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളിയുമായ മോഹനന്റെ വാക്കുകളാണിത്.

വ്രതം നോറ്റ് മാലയിട്ട് മകര വിളക്ക് ദര്‍ശിക്കാൻ തന്റെ സ്ഥിരം വാഹനമായ സൈക്കിളില്‍ നീലേശ്വരത്തുനിന്ന് യാത്ര പുറപ്പെട്ടിരിക്കുകയാണ് മോഹനൻ. മോഹനനൊപ്പം ഒരു നായുമുണ്ട്. നീലേശ്വരത്തെ താമസത്തിനിടയില്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ നില്‍ക്കുമ്ബോഴാണ് വര്‍ഷങ്ങള്‍ക്കു മുമ്ബ് അവിചാരിതമായി നായ് കൂടെ കൂടിയത്. അതിന് മണികണ്ഠൻ എന്ന് പേരിട്ടു. തനിക്ക് 24 മണിക്കൂറും കൂട്ടായി അരുമയോടെ അനുസരിച്ച്‌ നില്‍ക്കും. രാവിലെ ബസ് കയറി പണിക്ക് പോയാല്‍ തിരിച്ചുവരുന്ന സമയത്ത് സ്റ്റോപ്പില്‍ കാത്തിരിക്കുമെന്നും മോഹനൻ പറയുന്നു. നായ് തന്റെ ജീവൻ രക്ഷിച്ച കഥയും മോഹനന് പങ്കുവെക്കാനുണ്ട്. ഒരു ദിവസം തീര്‍ത്ഥങ്കര കുളത്തില്‍ കുളിക്കാനായി പടവുകള്‍ കടന്ന് ഇറങ്ങാൻ കാലെടുത്ത നിമിഷം മണികണ്ഠൻ പടവില്‍ പത്തിവിടര്‍ത്തിയ മൂര്‍ഖൻ പാമ്ബിനു നേരേ ചാടിവീണ് മരണമുഖത്തുനിന്ന് രക്ഷിച്ച മറക്കാനാവാത്ത സംഭവമാണത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ച 6.45ന് അയ്യപ്പ സന്നിധിയിലേക്ക് നീലേശ്വരത്തുനിന്ന് പുറപ്പെട്ടപ്പോള്‍ മോഹനന് മണികണ്ഠനും കൂടെക്കൂടി. സൈക്കിളില്‍ സഞ്ചരിക്കുമ്ബോള്‍ മുന്നിലും പിന്നിലുമായി സംരക്ഷണ കവചം തീര്‍ത്ത് വഴികാട്ടിയായി കൂടെ തന്നെയുണ്ട്. ദിവസവും പത്ത് മണിക്കൂര്‍ നീളുന്ന സൈക്കിള്‍ സഞ്ചാരത്തിന് അകമ്ബടി സേവിച്ചാല്‍ നായുടെ ഒരുദിവസത്തെ ഡ്യൂട്ടി അവസാനിക്കും. നീലേശ്വരത്തുനിന്ന് 430 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച്‌ പമ്ബ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചശേഷം സൈക്കിള്‍ സുരക്ഷിതമാക്കിവെച്ച്‌ സന്നിധാനത്തേക്ക് പുറപ്പെടാനാണ് പദ്ധതി. ഇത്രയും സമയം സൈക്കിളിന് കാവല്‍നിന്ന് തന്റെ മലയിറക്കത്തിനായി മണികണ്ഠൻ കാത്തിരിക്കുമെന്ന് മോഹനൻ പറയുന്നു.