വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കൗണ്‍സിലിംഗ് സ്ഥാപനം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍
വൈക്കം : കൗണ്‍സിലിങ്ങിനായി എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടില്‍ ടി.എം.നന്ദനൻ (67) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കത്ത് കൗണ്‍സിലിംഗ് സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ കൗണ്‍സിലിങ്ങിനായി എത്തിയ വീട്ടമ്മയെ കൗണ്‍സിലിങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയും, ഇത് പുറത്ത്പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഒ രാജേന്ദ്രൻ നായര്‍, എസ്.ഐമാരായ സുരേഷ്. എസ്, വിജയപ്രസാദ്, സത്യൻ, സി.പി.ഓ മാരായ പ്രവീണോ, രജീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.