രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കര്‍ണാടക.

ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതായി കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.ശനിയാഴ്ച മുതല്‍ കോവിഡ്-19 ഹെല്‍പ്പ് ലൈൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച നടത്തിയ മീറ്റിങ്ങില്‍ അറിയിച്ചു.

ഇൻഫ്ലുവെൻസ പോലുള്ള എല്ലാ രോഗങ്ങള്‍ക്കും കടുത്ത അക്യൂട്ട് റെസ്പിറേട്ടറി രോഗങ്ങള്‍ക്കും പരിശോധന നിര്‍ബന്ധമാക്കുവാൻ നിര്‍ദ്ദേശം നല്‍കി. ബംഗ്ലൂരിലെ വികാസ് സൗദയില്‍ മുതിര്‍ന്ന ആരോഗ്യ ഉദ്ദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് വലിയ തോതില്‍ കോവിഡ് ടെസ്റ്റിങ്ങ് നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

ദിവസവും 7,000 ത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ട്, 3.82 ശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്, ഇതുവരെ കേസുകളുടെ എണ്ണം കുറഞ്ഞിട്ടില്ല -മന്ത്രി പറഞ്ഞു. കേരളത്തില്‍ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിയിട്ടുണ്ട്, കോവിഡ് പോസിറ്റീവ് ആയവരെ കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

അടുത്ത ആഴ്ചമുതല്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് അധികൃതര്‍ പറഞ്ഞു. കര്‍ണാടകയില്‍ വെള്ളിയാഴ്ച മാത്രം 300 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.