ഇടുക്കി: ആശുപത്രികളില്‍ മരുന്നിന് ക്ഷാമം

തൊടുപുഴ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമം. ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, ആന്റിബയോട്ടിക് എന്നിവക്കാണ് കൂടുതല്‍ ക്ഷാമം.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വൈറല്‍ പനിയടക്കമുള്ളവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആന്‍റിബയോട്ടിക്കുകള്‍ അടക്കം മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വരെ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാര്‍ മരുന്ന് കിട്ടാതെ നട്ടംതിരിയുകയാണ്. പലരും വാഹനങ്ങള്‍ വിളിച്ചും മറ്റും ആശുപത്രിയിലെത്തുമ്ബോഴാണ് മരുന്നുകളില്ലെന്ന വിവരം അറിയുന്നത്. പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട സാഹചര്യവും സാധാരണക്കാര്‍ക്ക് വലിയ ബാധ്യതയും സൃഷ്ടിക്കുന്നു.

ആശുപത്രിയില്‍ മരുന്ന് എത്തിക്കുന്ന കെ.എം.എസ്‌.സി.എല്‍ കൃത്യമായി എത്തിക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് ആക്ഷേപമുണ്ട്. മരുന്നുകള്‍ തീര്‍ന്നതോടെ രോഗികളെ കുറിപ്പടിയുമായി പുറത്തേക്കയക്കുന്ന പതിവ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉണ്ട്. മാര്‍ച്ച്‌ 31 വരെ കാലയളവിലേക്കാണ് മരുന്നുകള്‍ക്കുള്ള ഇൻഡന്റ് നല്‍കുന്നത്. ചട്ടമനുസരിച്ച്‌ ഇനി ഏപ്രില്‍ മുതലാണ് പുതിയ ക്വോട്ട അനുസരിച്ചുള്ള മരുന്നുകള്‍ എത്തേണ്ടത്. എന്നാല്‍ പുതിയ സ്റ്റോക്ക് ഇനി മേയിലേ എത്തൂ എന്നാണ് അറിയുന്നത്. എന്നാല്‍ ഇപ്പോള്‍ മഞ്ഞും മഴയും ചൂടും മാറി മാറി വരുന്നതിനെ തുടര്‍ന്ന് രോഗികളുടെ എണ്ണം കൂടിവരുന്നുണ്ട്. ചികിത്സ തേടി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവെങ്കിലും അതിന് ആനുപാതികമായി മരുന്നുകളുടെ ക്വോട്ട വര്‍ധിപ്പിക്കുകയോ ഇൻഡന്റ് നല്‍കുകയോ ചെയ്തില്ല. ഇതും പ്രതിസന്ധിക്ക് കാരണമാണ്.

ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഇൻസുലിൻ അടക്കമുള്ളവക്കും ക്ഷാമമുണ്ട്. ചികിത്സ തേടുന്നവരില്‍ ഏറിയ പങ്കും പാവപ്പെട്ടവരായതിനാല്‍ വലിയ വിലയ്ക്കുള്ള മരുന്നുകള്‍ പുറമേ നിന്ന് വാങ്ങുക എന്നത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതേസമയം ആശുപത്രികളില്‍ ആവശ്യമായ മരുന്നുകള്‍ എത്തുന്നുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു. ഇൻസുലിൻ സ്റ്റോക്ക് ആശുപത്രികളില്‍ കുറവുണ്ട്. അടുത്ത ആഴ്ചയോടെ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മഞ്ഞുകാലംകൂടി എത്തിയതോടെ രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇത് മൂലം മരുന്നുകളുടെ ആവശ്യവും കൂടി. മരുന്നുകള്‍ കുറവുള്ള ഇടങ്ങളില്‍ വേഗത്തില്‍ അവ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ മനോജ് പറഞ്ഞു.