ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു
വടകര: ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു. നിരവധി പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്.രോഗം പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് ഈ മാസം 10ന് യോഗം വിളിച്ചുചേര്‍ക്കും. ഇതുസംബന്ധിച്ച് ചേര്‍ന്ന അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
രാവിലെ പത്തിന് തുറമുഖത്ത് യോഗം ചേരും. ജനപ്രതിനിധികള്‍, കോസ്റ്റല്‍ പൊലീസ്, തുറമുഖ വകുപ്പ് പ്രതിനിധികള്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. തുറമുഖത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വള്ളത്തിലും ചെറുതോണിയിലും വെള്ളം കെട്ടിനിന്ന് ഇവിടം കൊതുക് വളര്‍ത്തുകേന്ദ്രമായി മാറിയതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ഹാര്‍ബര്‍ പരിസരത്ത് ശുചീകരണം നടത്തുന്ന കാര്യങ്ങള്‍ അടക്കം ചര്‍ച്ചചെയ്യും.
ഉച്ചസമയത്ത് ഒ.പിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് സത്വര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തില്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡെയ്‌സി ഗോറി, പി. ശ്രീധരൻ, കെ.എ. സുരേന്ദ്രൻ, എ.ടി. ശ്രീധരൻ, പ്രദീപ് ചോമ്ബാല, കെ. അൻവര്‍ ഹാജി, കെ. പ്രശാന്ത്, കെ.കെ. ജയചന്ദ്രൻ, കെ. ലീല, സി. സുഗതൻ, ബിജു ജയ്‌സണ്‍, ആര്‍. രമ്യ എന്നിവര്‍ സംസാരിച്ചു.