അഗസ്ത്യാര്‍കൂട യാത്രക്ക് 24ന് തുടക്കം

തിരുവനന്തപുരം: വിജനതയുടെയും സാഹസികതയുടെയും വന്യസൗന്ദര്യത്തിലേക്കുള്ള അഗസ്ത്യാര്‍കൂട യാത്രക്ക് ജനുവരി 24ന് തുടക്കം.

മാര്‍ച്ച്‌ രണ്ടുവരെ നീളുന്ന കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ്ങിനുള്ള ഓണ്‍ലൈൻ ബുക്കിങ് ഈ മാസം 10ന് ആരംഭിക്കും. ഒരു ദിവസം പരമാവധി 100 പേര്‍ക്കാണ് പ്രവേശനം. 70 പേര്‍ക്ക് ഓണ്‍ലൈനായും 30 പേര്‍ക്ക് ഓഫ് ലൈനായും പാസ് അനുവദിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

ഓഫ് ലൈൻ ബുക്കിങ്, ട്രക്കിങ്ങിന് ഒരുദിവസം മുമ്ബ് മാത്രമേ അനുവദിക്കൂ. 14 മുതല്‍ 18 വയസില്‍ കുറവുള്ളവരെ രക്ഷിതാവിനോടൊപ്പമോ രക്ഷിതാവിന്‍റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ പ്രവേശിപ്പിക്കില്ല. ട്രെക്കിങ്ങിന് എത്തുന്നവര്‍ ഏഴുദിവസത്തിനുള്ളില്‍ എടുത്ത മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപകട ഇൻഷ്വറൻസും ഉറപ്പാക്കണം.

അതേസമയം, ഇത്തവണ ട്രെക്കിങ് ഫീസ് വര്‍ധിപ്പിച്ചതില്‍ സഞ്ചാരിക്കള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ട്രക്കിങ് ഫീസ്, ഇക്കോ ഡെവലപ്മെന്‍റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ഒരാള്‍ക്ക് ഇടാക്കുന്നത്. കഴിഞ്ഞ വര്‍ഷം 1800 രൂപയായിരുന്നു. 700 രൂപയുടെ വര്‍ധന സഞ്ചാരികളെ കൊള്ളയടിക്കാനാണെന്നാണ് ആക്ഷേപം. ബേസ് ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന അതിരുമലയിലും ഭക്ഷണത്തിന് ഉയര്‍ന്ന വിലയാണ് സഞ്ചാരികളില്‍ നിന്ന് കരാറുകാര്‍ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം കഞ്ഞിക്ക് മാത്രം 150 രൂപയാണ് ഈടാക്കിയത്. ഈ വര്‍ഷം വില വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് സൂചന.