ബിവറേജസിലെ സാമ്പത്തിക തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

കോന്നി: കൂടല്‍ ബിവറേജസ് ഔട്ട്‌ലറ്റില്‍നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. മാനേജര്‍ കൃഷ്ണകുമാര്‍, എല്‍.ഡി ക്ലര്‍ക്ക് അരവിന്ദ് എന്നിവരെയാണ് സസ്പെൻസ് ചെയ്തത്.

കഴിഞ്ഞ ആറുമാസമായി ബാങ്കില്‍ അടക്കാൻ കൊണ്ടുപോയ തുകയില്‍നിന്ന് 81.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ എല്‍.ഡി ക്ലര്‍ക്ക് അരവിന്ദിനെതിരെ കോര്‍പറേഷന്റെ ജില്ലയിലെ ചുമതലയുള്ള വെയര്‍ ഹൗസ് മാനേജര്‍ കൂടല്‍ പൊലീസില്‍ പരാതി നല്‍കി.

ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 2023 ജൂണ്‍ ഒന്നു മുതല്‍ 28 വരെ തുടര്‍ച്ചയായി തട്ടിപ്പ് നടത്തിയാണ് ഇത്രയധികം രൂപ ജീവനക്കാരൻ തട്ടിയെടുത്തതെന്ന് കൂടല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ക്രമക്കേട് നടന്നിട്ടും ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതില്‍ ദുരൂഹതയുണ്ട്. ബിവറേജസിലെ ഓഡിറ്റ് സംഘമാണ് വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ഓഡിറ്റ് സംഘം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയത്. കൂടുതല്‍ ജീവനക്കാര്‍ക്കെതിതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.