കാടിറങ്ങി വന്യമൃഗങ്ങള്‍; പുറത്തിറങ്ങാനാകാതെ പ്രദേശവാസികള്‍

പൊഴുതന: കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ മലയോരവാസികളുടെ ഉറക്കം കെടുത്തുന്നു. പൊഴുതന പഞ്ചായത്തിലാണ് ആനക്കു പുറമെ കാട്ടുപോത്തുകളുടെയും കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാകുന്നത്.

കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവന് ഭീഷണിയാണ് ഇവ. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ എത്തിയ രണ്ടു കാട്ടുപോത്തുകള്‍ അത്തിമൂല, പെരിങ്ങോട, പൊഴുതന എന്നിവിടങ്ങളില്‍ ഭീതി പരത്തി.

ഇവയുടെ ഭീഷണിയെ തുടര്‍ന്ന് നിരവധി പരാതികള്‍ ജനങ്ങള്‍ അറിയിച്ചിട്ടും തുരത്താൻ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കൂട്ടം തെറ്റിയ ഇവ സമീപത്തെ സ്വകാര്യ എസ്റ്റേറ്റില്‍ കയറിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവക്കു പുറമെ പന്നിശല്യവും രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രി പെരിങ്ങോട സ്വദേശി ജംഷീറിനെ കാട്ടുപന്നികള്‍ ആക്രമിച്ചിരുന്നു.

തോളിനു പരിക്കേറ്റ ജംഷീര്‍ ആശുപത്രിയിലാണ്. മാസങ്ങളായി കൂട്ടമായെത്തുന്ന കാട്ടാനകള്‍ വൻതോതിലാണ് കൃഷി നശിപ്പിക്കുന്നത്. മേല്‍മുറി, കറുവാൻത്തോട്, കുറിച്യര്‍മല എസ്റ്റേറ്റ്, സുഗന്ധഗിരി തുടങ്ങിയ പ്രദേശങ്ങളില്‍ ആനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. നഗരങ്ങളില്‍ വരെ കാട്ടുപന്നികള്‍ എത്തുന്നുണ്ട്.

പന്നികളെ കൊല്ലാൻ അനുമതിയുണ്ടെങ്കിലും നടപടിക്രമങ്ങളിലെ കുരുക്ക് കാരണം ഫലപ്രദമാകുന്നില്ല. കാട്ടാനക്കൂട്ടങ്ങള്‍ തെങ്ങ്, കമുക്, റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ കുത്തിമറിക്കുകയാണ്. കപ്പ, കാച്ചില്‍, ചേന, ചേമ്ബ് തുടങ്ങിയവയും നശിപ്പിച്ചാണ് ആനക്കൂട്ടം മടങ്ങുക. കൃഷി ആദായകരമല്ലാതായതോടെ കുറച്ച്‌ കര്‍ഷകര്‍ മാത്രമാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്.

ഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് മൃഗശല്യം ഇരുട്ടടിയായിരിക്കുന്നത്. വന്യമൃഗശല്യം കാരണം നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍. കാട്ടാനകളുടെയും പന്നികളുടെയും ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്.