നിളയോര പാത പ്രകാശ പൂരിതമാകും

പൊന്നാനി: പൊന്നാനിയില്‍ സഞ്ചാരികള്‍ ധാരാളമെത്തുന്ന നിളയോര പാത രാത്രിയില്‍ പ്രകാശ പൂരിതമാകും. പാതയിലുടനീളം തെരുവു വിളക്കുകളും സുരക്ഷിത കാമറകളും സ്ഥാപിക്കാൻ ട്രാഫിക് ക്രമീകരണ സമിതി യോഗത്തില്‍ തീരുമാനമായി.

തെരുവുവിളക്കുകളില്ലാത്തത് രാത്രിയില്‍ വാഹനാപകടങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊക്കവിളക്കുകള്‍ സ്ഥാപിക്കാൻ തീരുമാനമായത്. അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്താനാണ് സി.സി.ടി.വികള്‍ സ്ഥാപിക്കുന്നത്.

പാതയിലൂടെ ചരക്ക് വാഹനങ്ങളുടെ പ്രവേശനം കര്‍ശനമായി നിരോധിക്കും. വലിയ മത്സ്യ ലോറികളുള്‍പ്പെടെ ഈ റോഡിലൂടെ സഞ്ചരിക്കുന്നത് ഇവിടെയെത്തുന്നവര്‍ക്ക് പ്രയാസമാകുന്നുണ്ട്. നിള ടൂറിസം റോഡിലേക്കുള്ള പ്രധാന ജങ്ഷനുകളായ ചന്തപ്പടി, കുറ്റിക്കാട്, ജിം റോഡ് എന്നിവിടങ്ങളില്‍ വേഗത നിയരന്ത്രണ സംവിധാനങ്ങളും ദിശ സൂചകങ്ങളും സ്ഥാപിക്കുമെന്ന് നഗരസഭ ചെയര്‍മാൻ പറഞ്ഞു. കുണ്ടുകടവ് ജങ്ഷനിലെ തെരുവുകച്ചവടക്കാര്‍ക്കായി പ്രത്യേക സ്ഥലം നിര്‍ണയിച്ച്‌ നല്‍കി പി.ഡബ്യു.ഡി, നഗരസഭ, പൊലീസ് എന്നിവരുടെ സഹകരണത്തോടെ ഇവരെ മറ്റുഭാഗത്തേക്ക് മാറ്റാനും തീരുമാനിച്ചു.

പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണ കാലയളവില്‍ പ്രൈവറ്റ് ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്ത് താല്‍ക്കാലിക ബസ് സ്റ്റേഷൻ സജ്ജീകരിക്കും. പൊന്നാനി-കുന്നംകുളം റൂട്ടിലോടുന്ന ബസുകള്‍ പൊന്നാനി കുണ്ടുകടവ് ജങ്ഷനില്‍ ട്രിപ്പ് മുടക്കുന്നതിന് പരിഹാരം കാണാൻ ബസുടമകളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് പൊന്നാനി ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു. ബസ് സ്റ്റാൻഡിലെത്തേണ്ട വാഹനങ്ങളുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി.

നഗരസഭ ചെയര്‍മാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയന്റ് ആര്‍.ടി.ഒ ടി.എം. ഇബ്രാഹിം കുട്ടി, എ.എസ്.ഐ അയ്യപ്പൻ, ഡെപ്യൂട്ടി തഹസില്‍ദാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി.മുഹമ്മദ് ബഷീര്‍, രജീഷ് ഊപ്പാല, നഗരസഭ സെക്രട്ടറി എസ്. സജിറൂണ്‍ എന്നിവര്‍ പങ്കെടുത്തു.