കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌ വ്യാപകമായി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി സംശയം. അതീവ ഗുരുതര മായ വിഷയമായിട്ടും കാര്യക്ഷമമായ അന്വേഷണമാരംഭിച്ചില്ല.

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച്‌ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്കിടെ ഹോസ്ദുര്‍ഗ് പൊലീസ് രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

ഹോസ്‌ദുര്‍ഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളവോട്ട് ചെയ്യാൻ തിരിച്ചറിയല്‍ രേഖയായി വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ഉത്തരേന്ത്യൻ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നും മലയാള ലിപി വേണ്ട സ്ഥാനത്ത് ഇത്തരം ആധാറില്‍ ഹിന്ദി ഭാഷയാണ് ഉപയോഗിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഇല്ലാത്തവരുടെ പേരിലടക്കം ഇത്തരത്തില്‍ വ്യാജ ആധാര്‍ ഉണ്ടാക്കിയതായാണ് സംശയം.

ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാങ്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ വ്യാജമുണ്ടെന്ന് മനസ്സിലാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ‌ര്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് വ്യാജ ആധാര്‍ ഉണ്ടാക്കിയതെന്നാണ് പരാതി. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. കള്ള വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ ഒരാളെ പൊലീസ് ക്യൂവില്‍ നിന്ന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും കേസെടുക്കാതെ പിന്നീട് വിട്ടയക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരടക്കം ആരും പരാതി നല്‍കിയില്ലെന്ന കാരണത്താലായിരുന്നു കള്ളവോട്ടിന് ശ്രമിച്ച യുവാവിനെ പൊലീസ് വിട്ടയച്ചത്. നഗരസഭ പരിധിക്ക് പുറത്തുള്ളവര്‍ കള്ളവോട്ടു ചെയ്‌തവരില്‍പെടുന്നണ്ടെന്നിരിക്കെ ഇവരില്‍പെട്ട പലരും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.

പേരും വിലാസവും കൃത്യവും ഫോട്ടോ മറ്റൊരാളുടേത് വച്ചാണ് വ്യാജമായി ആധാര്‍ ഉണ്ടാക്കിയതെന്ന് പറയുന്നു. ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചറിയല്‍ രേഖയായി കൂടുതല്‍ പേര്‍ വ്യാജ ആധാര്‍ ഉപയോഗിച്ചെന്ന് സംശയമുയരുമ്ബോള്‍ കാര്യക്ഷമ അന്വേഷണമില്ലെന്നാണ് പരാതി. സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം ഒരു കേസെടുത്തത്. കാഞ്ഞങ്ങാട് താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചതും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു.

ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ആവശ്യത്തിന് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി ഉപയോഗിച്ചതിന് പിന്നില്‍ വൻ കണ്ണികള്‍ക്ക് പങ്കുണ്ടെന്നതാണ് സംശയം.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വോട്ടര്‍ ഐ.ഡി നിര്‍മിച്ചതിന് സമാനമായ സംഭവമാണ് കാഞ്ഞങ്ങാട്ടും നടന്നതെന്നാണ് പരാതി.