തൃപ്പക്കുടം റെയില്‍ ക്രോസ് കടക്കാൻ പെടാപ്പാട്
ഹരിപ്പാട്: ഹരിപ്പാട്-വീയപുരം റോഡിലെ തൃപ്പക്കുടം റെയില്‍ ക്രോസ് കടക്കാൻ പെടാപ്പാട് പെടുകയാണ് യാത്രക്കാര്‍. യാത്രാ പ്രതിസന്ധി നേരിടുമ്ബോഴും പ്രശ്നങ്ങള്‍ പരിഹരിക്കാതെ റെയില്‍വേ ജനത്തെ ദ്രോഹിക്കുകയാണ്.തിരക്കേറെയുള്ള ഹരിപ്പാട്-വീയപുരം-തിരുവല്ല റോഡിലെ തൃപ്പക്കുടം റെയില്‍വേ ക്രോസിലൂടെയുള്ള യാത്ര ദുഷ്കരമാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. റോഡിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതുമൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
സാഹസികമായി വാഹനമോടിച്ചാല്‍ മാത്രമേ ക്രോസ് കടക്കാൻ കഴിയുകയുള്ളൂ. റെയില്‍ ക്രോസിലേക്ക് വാഹനങ്ങള്‍ കയറിയാല്‍ വലിയ കുഴികള്‍ താണ്ടി ക്കടക്കേണ്ടതുണ്ട്. പാളങ്ങള്‍ ഉയര്‍ന്നും അതിന് ഇടയിലുള്ള ഭാഗം ഏറെ താഴ്ന്നുമാണ്.
ഗേറ്റ് തുറക്കുന്ന തിരക്കുള്ള സമയങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണ്. സ്ത്രീകളും വയോധികരുമാണ് പ്രയാസം അനുഭവിക്കുന്നത്. കുഴി കടക്കാനാകാതെ വാഹനങ്ങള്‍ നിന്നുപോകുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പെടുന്നതും പതിവായി.
ഇരട്ടപ്പാതകള്‍ക്കിടയിലെ റോഡ് നടുവൊടിയുന്ന രീതിയിലാണ് റെയില്‍വേ നിര്‍മിച്ചിട്ടുള്ളത്. നിര്‍മാണത്തില്‍ അപാകതകള്‍ ഏറെയാണ്. തിരക്കുള്ള റോഡാണെന്ന പരിഗണനപോലുമില്ലാതെ നിര്‍മാണം പ്രഹസനമാക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തിട്ടുള്ളത്. അമിതമായ പൊക്കവും താഴ്ചയുമാണ് വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസ്സമാകുന്നത്.
പാളങ്ങളുടെ നടുഭാഗത്തെ മെറ്റലുകള്‍ ഇളകിമാറി കുഴികളായി കിടക്കുകയാണ്. വാഹനങ്ങളുടെ അടിഭാഗം നിലത്തിടിച്ചാണ് കടന്നുപോകുന്നത്. കോണ്‍ക്രീറ്റ് സ്ലാബുകളും പാറക്കഷണങ്ങളും ഇളകി കിടക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നു. പിന്നില്‍ ഇരിക്കുന്നയാളെ ഇറക്കിയതിന് ശേഷമാണ് സ്ത്രീകളും വയോധികരും ഇരുചക്രവാഹനങ്ങളില്‍ കടക്കുന്നത്. കുട്ടികളുമായി യാത്ര ചെയ്യുന്നവരുടെ ദുരിതം ഏറെയാണ്.
കെ.എസ്.ആര്‍.ടി.സി ബസ് പാളത്തില്‍ കുടുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി ഒരു മാസം അടച്ചിട്ട റെയില്‍വേ ഗേറ്റ് പിന്നീട് തുറന്നപ്പോഴാണ് ദുരിതങ്ങള്‍ കൂടിയത്.പിന്നീട് മൂന്നുമാസം മുമ്ബ് വീണ്ടും അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഭാഗികമായി മാത്രമാണ് പ്രശ്നം പരിഹരിച്ചത്. പലപ്രാവശ്യം റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഇതുവരെ ദുരിതയാത്രക്ക് അറുതിയായിട്ടില്ല.