‘പഴകിയ ഭക്ഷണം, ചീഞ്ഞ മണം’; വന്ദേഭാരതിലെ ഭക്ഷണം തല്ലിപ്പൊളിയെന്ന് യാത്രക്കാരൻ -വീഡിയോ പുറത്തുവിട്ടു
ദില്ലി: വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാര്‍ പഴകിയ ഭക്ഷണം തിരികെ നല്‍കുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എക്സില്‍ ആകാശ് കേസരി (@akash24188) എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. ട്രെയിനിനുള്ളില്‍ വിളമ്ബിയ ഭക്ഷണം പഴകിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. യാത്രക്കാര്‍ തീവണ്ടി ജീവനക്കാരോട് ഭക്ഷണ ട്രേകള്‍ എടുത്തുമാറ്റാൻ ആവശ്യപ്പെടുന്നതും മറ്റൊന്ന് ടിൻ ഫോയിലില്‍ വിളമ്ബുന്ന ഭക്ഷണത്തിന്റെ ദൃശ്യങ്ങളും കാണിച്ചു.
മോശം സര്‍വീസാണെന്നും പണം തിരികെ വേണമെന്നും ആകാശ് ആവശ്യപ്പെട്ടു. ഇന്ത്യൻ റെയില്‍വേ, വന്ദേ ഭാരത് എക്സ്പ്രസ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്തായിരുന്നു യുവാവിന്റെ ആരോപണം.
ദില്ലിയില്‍ നിന്ന് വാരാണസിയിലേക്ക് പോകുന്ന യാത്രക്കാരനാണ് ദുരനുഭവം പങ്കുവെച്ചത്. വിളമ്ബിയ ഭക്ഷണം ദുര്‍ഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമാണെന്നും ദയവുചെയ്ത് മുഴുവൻ പണവും തിരികെ തരണമെന്നും കാറ്ററിങ്ങുകാര്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പേര് നശിപ്പിക്കുകയാണെന്നും യാത്രക്കാരൻ കുറിച്ചു.
നിരവധി പേരാണ് പോസ്റ്റ് പങ്കുവെച്ചത്. പരാതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ ഉറപ്പ് നല്‍കി. ഐആര്‍സിടിസിയും പ്രതികരണവുമായി രംഗത്തെത്തി. മോശം അനുഭവമുണ്ടായതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും വിഷയം ഗൗരവമായി കാണുന്നുവെന്നും സേവന ദാതാവിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഐആര്‍സിടിസി വ്യക്തമാക്കി.
ജീവനക്കാരെ പിരിച്ചുവിടാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിരവധി പേരാണ് റെയില്‍വേയുടെ ഭക്ഷണത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാജധാനിയിലും ഇതുതന്നെയാണ് അവസ്ഥയെന്ന് ചിലര്‍ കമന്റില്‍ പറഞ്ഞു. ട്രെയിനുകളില്‍ ശുചീകരണപ്രവര്‍ത്തനം നടക്കുന്നില്ലെന്നും യാത്രക്കാരില്‍ ചിലര്‍ കമന്റ് ചെയ്തു.