കെ.എസ്.ആര്‍.ടി.സിക്ക് ‘ഒരുമുഴം മുൻപെ’ ഓടാനൊരുങ്ങി റോബിൻ ബസ്

പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച്‌ നിരന്തരം വിവാദത്തിലായ റോബിൻ ബസ് കെ.എസ്.ആർ.ടി.സിയെ വെട്ടാൻ പുതിയ നീക്കവുമായി രംഗത്ത്.പത്തനംതിട്ട-കോയമ്ബത്തൂർ റൂട്ടില്‍ കെ.എസ്.ആർ.ടി.സിക്ക് മുന്നിലോടാൻ സമയം മാറ്റാനാണ് തീരുമാനം.

പുലർച്ചെ 4.30 നാണ് കെ.എസ്.ആർ.ടി.സി പത്തനംതിട്ടയില്‍ നിന്ന് സർവീസ് ആരംഭിക്കുന്നത്. എന്നാല്‍ അടുത്ത മാസം ഒന്നുമുതല്‍ റോബിൻ ബസ് നാല് മണിക്ക് പുറപ്പെടാനാണ് നീക്കം. മാത്രമല്ല, സർവീസ് അടൂരിലേക്ക് കൂടി നീട്ടിയേക്കും. പുലർച്ചെ 3.30 ന് അടൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് പത്തനംതിട്ട തൃശൂർ പാലക്കാട് വഴി രാവിലെ 10.30ന് കോയമ്ബത്തൂരിലെത്തും. വൈകിട്ട് ആറിന് അവിടെ നിന്നും തിരിച്ച്‌ പുലർച്ചെ ഒരുമണിയോടെ അടൂരിലെത്തും.

ഓള്‍ ഇന്ത്യ പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി സർവീസ് നടത്തിയതിനാണ് റോബിൻ ബസ് നിരന്തരം പിഴയടക്കേണ്ടിവന്നതും നിയമകുരുക്കിലായതും. റോബിനെ വെട്ടാൻ രണ്ടുമാസം മുൻപാണ് കെ.എസ്.ആർ.ടി.സി പത്തനംതിട്ട-കോയമ്ബത്തൂർ റൂട്ടില്‍ എ.സി.ബസ് ഇറക്കിയത്. ബസ് വൻ വിജയമായതോടെ തുടർന്ന് രണ്ട് ബസുകള്‍ കൂടി നിരത്തിലിറക്കി. മൂന്ന് സർവീസിനും നല്ല കളക്ഷനുണ്ട്. കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ ബസ് വൈകുന്നേരം 5.30നും മൂന്നാത്തെത്ത് രാത്രി 8.30 നുമാണ് പുറപ്പെടുന്നത്.

എന്നാല്‍, കെ.എസ്.ആർ.ടി.സിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരമായി കാണേണ്ടതില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു. രാവിലെ നേരത്തെ കോയമ്ബത്തൂരില്‍ എത്തണമെന്നുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സമയം നേരത്തെ ആക്കിയതെന്നും പത്തനംതിട്ടയില്‍ സർവീസ് അവസാനിപ്പിച്ചാല്‍ രാത്രി എം.സി റോഡുമായി യാത്രക്കാരെ ബന്ധിപ്പിക്കാനാണ് അടൂരിലേക്ക് നീട്ടിയതെന്നും ഗിരീഷ് പറഞ്ഞു.