വിപണി പിടിക്കാൻ പുറത്തൂര്‍ ബഡ്‌സ് സ്‌കൂളിന്റെ സോപ്പുപൊടി

തിരൂർ: പുല്ല്, പൂക്കള്‍, ഇലകള്‍, നെല്ല് എന്നിവ ഉണക്കി പെയിന്റ് നല്‍കി ഫ്രെയിമുകള്‍ നിർമിച്ച്‌ ശ്രദ്ധേയരായ പുറത്തൂർ ബഡ്സ് സ്കൂളിലെ വിദ്യാർഥികള്‍ സോപ്പുപൊടി നിർമിച്ച്‌ വിപണിയിലെത്തിക്കുന്നു.

സോപ്പുപൊടിയുടെ ആദ്യ വില്‍പന വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറേക്കര ബീച്ചില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഉല്‍പന്നം വിപണിയിലിറക്കും മുമ്ബ് തന്നെ രണ്ടര ടണ്‍ സോപ്പുപൊടിക്കുള്ള ഓർഡർ ഇവർ നേടിക്കഴിഞ്ഞു. സ്കൂളിലെ വിദ്യാർഥികള്‍ക്ക് സ്‌ഥിരം വരുമാനം കണ്ടെത്താനുള്ള ആലോചനയാണ് ഈ വഴിക്ക് ചിന്തിപ്പിച്ചത്.

ചിത്രങ്ങളുണ്ടാക്കി വില്‍പന നടത്തിയാണ് സോപ്പുപൊടി നിർമിക്കാനാവശ്യമായ മൂലധനം കണ്ടെത്തിയത്. പുറത്തൂർ ഗ്രാമപഞ്ചായത്തും സഹായം നല്‍കി. 42 വിദ്യാർഥികളാണ് സ്‌കൂളിലുള്ളത്. ഇവർക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ചേർന്നാണ് സോപ്പുപൊടി നിർമിക്കുന്നത്.

പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററില്‍നിന്നാണ് അസംസ്കൃത വസ്‌തുക്കളായ കാരം, നിറത്തിനുള്ള പൊടി, സുഗന്ധത്തിനുള്ള വസ്തു എന്നിവ എത്തിച്ചത്. മാർക്കറ്റിങ്ങും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് നടത്തുന്നത്. ഓരോ വിദ്യാർഥിയും 50 പാക്കറ്റ് വീതം വില്‍ക്കാമെന്നാണ് ഏറ്റിട്ടുള്ളത്. ഇതിനിടെ ഒരാള്‍ രണ്ടര ടണ്‍ സോപ്പുപൊടിയുടെ ഓർഡർ പിടിച്ചു.

പുറത്തൂർ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും ബഡ്‌സ് സോപ്പുപൊടി എത്തിക്കാൻ പദ്ധതിയുണ്ട്. സ്‌കൂള്‍ സോപ്പുപൊടി ചലഞ്ചും തീരുമാനിച്ചിട്ടുണ്ട്. ആദ്യം ഉണ്ടാക്കുന്ന നാല് ടണ്ണും വിറ്റുപോകുമെന്ന വിശ്വാസത്തിലാണിവർ. മൂലധനമായി മൂന്നര ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. ഇതില്‍ 80,000 രൂപ സ്‌കൂള്‍ തന്നെ ചിത്രങ്ങളുടെ വില്‍പനയിലൂടെ കണ്ടെത്തി. 75,000 രൂപ പഞ്ചായത്തും നല്‍കി. അസംസ്കൃത വസ്‌തുക്കളുടെ പണം സോപ്പുപൊടി വിറ്റ ശേഷം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററും സഹായിച്ചു. പുറത്തൂരില്‍ പ്രത്യേകമൊരുക്കിയ സ്‌ഥലത്ത് വച്ചാണ് നിർമാണം. എല്ലാറ്റിനും സഹായികളായി വിദ്യാർഥികളുമുണ്ട്.

കിട്ടുന്ന വരുമാനവും ലാഭവും എല്ലാ മാസവും കണക്കാക്കും. തുടർന്ന് വിദ്യാർഥികള്‍ക്ക് വീതിച്ചു നല്‍കും. ഗുണനിലവാരം ഉറപ്പാണെന്ന് പ്രധാനാധ്യാപിക എം. സീമയും പി.ടി.എ പ്രസിഡന്റ് ജി. ബുഷ്റയും പറയുന്നു. ഒരു കിലോക്ക് 100 രൂപയാണ് വില. ഫോണ്‍: 9037241242.