വിമാനത്തില്‍ സ്ഫോടനമുണ്ടാകുമെന്ന് പറഞ്ഞതിന് അറസ്റ്റിലായ ഇന്ത്യൻ വിദ്യാര്‍ഥിയെ സ്പാനിഷ് കോടതി വെറുതെവിട്ടു
ലണ്ടൻ: സുഹൃത്തുക്കളുമായി യാത്ര ചെയ്യവെ, താൻ സഞ്ചരിച്ച വിമാനത്തില്‍ സ്ഫോടനമുണ്ടാകുമെന്ന് തമാശ പറഞ്ഞതിന് അറസ്റ്റിലായ ബ്രിട്ടീഷ്-ഇന്ത്യൻ വിദ്യാർഥിയെ സ്പാനിഷ് കോടതി വെറുതെവിട്ടു.ബാത് യൂനിവേഴ്സിറ്റിയിലെ സാമ്ബത്തിക ശാസ്ത്ര വിദ്യാർഥിയായ ആദിത്യ വർമയെ ആണ് വെറുതെവിട്ടത്.
2022 ജൂലൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഐലൻഡ് ഓഫ് മെനോർകയിലേക്ക് പോവുകയായിരുന്നു ആദിത്യ വർമ. സ്നാപ്ചാറ്റില്‍ താൻ താലിബാൻ അംഗമാണെന്ന് പറഞ്ഞതാണ് ആദിത്യക്ക് വിനയായത്. ”പറക്കുന്നതിനിടെ, ഈ വിമാനം പൊട്ടിത്തെറിക്കും. ഞാൻ താലിബാൻ അംഗമാണ്.”- എന്നായിരുന്നു ഗാറ്റ്‍വിക് വിമാനത്താവളം വിടുന്നതിന് മുമ്ബ് വിദ്യാർഥിയുടെ സന്ദേശം. പരിശോധനയില്‍ ആദിത്യയുടെ കൈയില്‍ നിന്ന് സ്ഫോടകവസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ ഭീഷണി സത്യമാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും സ്പാനിഷ് കോടതി വിലയിരുത്തി.
സംഭവം നടക്കുമ്ബോള്‍ 18 വയസായിരുന്നു ആദിത്യയുടെ പ്രായം. അറസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനു ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു പൊലീസ്. സുഹൃത്തുക്കള്‍ മാത്രമുള്ള ഒരു ഗ്രൂപ്പില്‍ വിമാനത്തില്‍ സ്ഫോടനമുണ്ടാകുമെന്ന് തമാശ പറഞ്ഞതാണെന്നും ആരെയും ഉപദ്രവിക്കാൻ ലക്ഷ്യമിട്ടായിരുന്നില്ലെന്നും ആദിത്യ കോടതിയില്‍ അറിയിച്ചു.