ഹജ്ജ്: അപേക്ഷകരില്ലാതെ സംസ്ഥാനങ്ങള്‍; നേട്ടമായത് കേരളത്തിന്

മലപ്പുറം: മുസ്‍ലിം ജനസംഖ്യാടിസ്ഥാനത്തില്‍ അനുവദിച്ച ഹജ്ജ് ക്വോട്ടയില്‍പോലും അപേക്ഷകരില്ലാതെ സംസ്ഥാനങ്ങള്‍.

ഈ സീറ്റുകള്‍ വീതംവെച്ചപ്പോള്‍ നേട്ടമായത് കേരളം ഉള്‍പ്പെടെ അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക്. അസം, ആന്ധ്രപ്രദേശ്, ബിഹാർ, ഹിമാചല്‍പ്രദേശ്, ജമ്മു-കശ്മീർ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അപേക്ഷകർ കുറവുള്ളത്.

ബിഹാർ, ഉത്തർപ്രദേശ്, ബംഗാള്‍, അസം എന്നിവിടങ്ങളിലായി 40,854 സീറ്റുകളാണ് ബാക്കിവന്നത്. ബിഹാറിന് അനുവദിച്ച ക്വോട്ട 14,225 ആണ്. അപേക്ഷകർ 3822 മാത്രം. ബാക്കിയായത് 10,403 സീറ്റുകള്‍. യു.പിയില്‍ 31,180 ആണ് ക്വോട്ട. അപേക്ഷകർ 19,702. 11,478 സീറ്റിലേക്ക് ആളില്ല.

ബംഗാളിന്റെ ക്വോട്ട 19,976 ആണ്. അപേക്ഷിച്ചത് 5938 പേർ മാത്രം. 14,038 സീറ്റ് ബാക്കി. അസമില്‍ അപേക്ഷകർ 3905 ആണ്. ക്വോട്ട 8840. ബാക്കിവന്നത് 4435 സീറ്റുകള്‍. ജമ്മു-കശ്മീരിന് അധിക സീറ്റുകള്‍ ഉള്‍പ്പെടെ 8838 ആണ് ക്വോട്ട. ഇവിടെയും 821 സീറ്റുകള്‍ ബാക്കിയായി.

ഇത്തരത്തില്‍ ബാക്കിവന്ന 44,234 സീറ്റുകള്‍ വീതംവെച്ചപ്പോള്‍ കേരളത്തിനാണ് കൂടുതല്‍ ലഭിച്ചത് -9400. മഹാരാഷ്ട്രക്ക് 8961ഉം ഗുജറാത്തിന് 8405ഉം അധിക ക്വോട്ടയില്‍ ലഭിച്ചു. അധികം വന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ സീറ്റുകള്‍ വീതംവെച്ചത്. കശ്മീരിന് അനുവദിച്ച 2000 അധിക സീറ്റുകളും സമാനമായി മറ്റുള്ളവർക്ക് നല്‍കുകയായിരുന്നു. ഇതില്‍ കേരളത്തിന് ലഭിച്ചത് 187 സീറ്റുകളാണ്.