പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമല്‍ ക്ഷേത്രത്തില്‍ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും (സേവദാർ) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്രിമിനല്‍ പശ്ചാത്തലമുള്ള പവൻ, ക്ഷേത്രത്തിലെ മുൻ സേവദാർ കാളീചരണ്‍, അഘോരി ബാബ രാംപാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയില്‍ നിന്നുള്ളവരാണ് മൂവരും.
ജനുവരി നാല്, അഞ്ച് തിയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാളീചരണും രാംപാലും ക്ഷേത്രത്തില്‍ സംഘടിപ്പിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തി. ഭക്ഷണം കഴിച്ചശേഷം ഇരുവരും ക്ഷേത്രപരിസരത്ത് തങ്ങി. രാത്രിയില്‍ ഇരുവരും മദ്യം കഴിക്കുകയായിരുന്നെന്നും ബാബ ഹരിഗിരി അവരെ ശകാരിച്ചതിനെ തുടർന്ന് ഇരുവരും സ്ഥലം വിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇവർ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും രാത്രിയില്‍ ക്ഷേത്ര പൂജാരി ബാബ ഹരിഗിരി മഹാരാജിനെയും, അക്രമം തടയാനെത്തിയ സേവദാർ രൂപയെയും വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടി.സി പറഞ്ഞു.
പുരോഹിതനില്‍ നിന്ന് മോഷ്ടിച്ച 4,700 രൂപ, മൊബൈല്‍, ഇന്‍റർനെറ്റ് ഡോംഗിള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ അന്വേഷണം വെല്ലുവിളിയായിരുന്നെന്നും പൊലീസ് അറിയിച്ചു.