മൂന്ന് വയസുകാരന്‍റെ വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ടു; മാതാപിതാക്കള്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

കഴിഞ്ഞ ആഴ്ച മൂന്ന് വയസുകാരന്‍ അബദ്ധത്തില്‍ ഉതിര്‍ത്ത വെടിയേറ്റ് രണ്ട് വയസുള്ള സഹോദരന്‍ കൊല്ലപ്പെട്ട കേസില്‍ മതാപിതാക്കള്‍ക്കെതിരെ നരഹത്യാ കേസ് രജിസ്റ്റര്‍ ചെയ്തു.

യുഎസിലെ കെന്‍റണ്‍ കൌണ്ടിയിലാണ് ദാരുണമായ സംഭവം. മാതാപിതാക്കള്‍ വെടിയുണ്ട നിറച്ച തോക്ക് മൂന്ന് വയസുള്ള കുട്ടിക്ക് എടുക്കാന്‍ പാകത്തിന് വച്ചതാണ് ദുരന്തത്തിന് കാരണമൊന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് കെന്‍റണ്‍ കൗണ്ടി കോമണ്‍വെല്‍ത്ത് അറ്റോർണി റോബ് സാൻഡേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 22 -ാം തിയതിയാണ് സംഭവം. യുഎസിലെ കോവിംഗ്ണിലെ ഒരു വീട്ടില്‍ വച്ച്‌ രണ്ട് വയസുകാരന് വെടിയേറ്റു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. കുട്ടിക്ക് അടിയന്തര സഹായം നല്‍കിയെങ്കിലും സിൻസിനാറ്റി ചില്‍ഡ്രൻസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്‍ററില്‍ വച്ച്‌ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ കുട്ടികളുടെ അമ്മയായ സെലീന ഫാരെല്‍ (23) സെക്കന്‍ഡ് ഡിഗ്രി നരഹത്യ, കുറ്റവാളിയുടെ തോക്ക് കൈവശം വയ്ക്കല്‍, ഉപേക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നേരിടുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സെലീന ഫാരെല്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് കുട്ടികളുടെ അച്ഛന്‍ തഷൌണ്‍ ആഡംസിനെതിരെ (21) സെക്കന്‍ഡ് ഡിഗ്രി നരഹത്യ, അറസ്റ്റ് തടയാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.

പോലീസ് എത്തുന്നതിനുമുമ്ബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ അമ്മ സെലീനയെ 25 -ാം തിയതി യുഎസ് മാർഷലുകള്‍ ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു. എന്നാല്‍, മകന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ആഗ്രഹത്താല്‍ അറസ്റ്റ് വാറണ്ട് കാരണം ഒളിവില്‍ പോവുകയായിരുന്നെന്ന് അവര്‍ പോലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം വെടിയൊച്ച കേള്‍ക്കുമ്ബോള്‍ താനും സെലീനയും സ്വീകരണ മുറിയില്‍ ഉണ്ടായിരുന്നതായി കുട്ടികളുടെ അച്ഛന്‍ ആഡംസ് പോലീസിനോട് പറഞ്ഞു. കുട്ടിക്ക് വെടിയേറ്റെന്ന് തിരിച്ചറിഞ്ഞ ഉടനെ ആഡംസ് 911 വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടിവിയില്‍ സ്പൈഡര്‍ മാന്‍ കാണുന്നതിനിടെ മേശവലിപ്പില്‍ അച്ഛന്‍റെ തോക്ക് കണ്ടതായി മൂന്ന് വയസുകാരന്‍ പോലീസിന്‍റെ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. അനിയനെ വെടിവച്ചത് ആരാണെന്ന് ചോദിച്ചപ്പോള്‍ കുട്ടി നിഷ്ക്കളങ്കമായി ‘ഞാന്‍’ എന്ന് മറുപടി നല്‍കി. തിര നിറച്ച തോക്ക് കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തിന് വച്ച മാതാപിതാക്കള്‍ രണ്ട് വയസുകാരന്‍റെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് രണ്ട് വയസുകാരന്‍റെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.