ഒടുവില്‍ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരില്‍
കൊളഗപ്പാറ: വയനാട് സുല്‍ത്താൻ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ നിന്ന് പിടികൂടിയ കടുവയെ വനംവകുപ്പ് തൃശ്ശൂരിലെത്തിച്ചു.പുത്തൂർ സുവോളജിക്കല്‍ പാർക്കിലാണ് സൗത്ത് വയനാട് ഒമ്പതാമനും പുരനധിവാസം ഒരുക്കിയിരിക്കുന്നത്.
ചൂരിമലയില്‍ പിടിയിലായത് വയനാട് സൗത്ത് 09 എന്ന കടുവയാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ കടുവ തന്നെയാണ് സിസിയിലും ഇറങ്ങിയതെന്നാണ് വനംവകുപ്പ് വിശദമാക്കിയത്. ചൂരിമലയില്‍ തുടർച്ചയായി ഇറങ്ങിയതിന് പിന്നാലെയാണ് സൌത്ത് വയനാട് ഒമ്ബതാമനായി വനംവകുപ്പ് കൂടൊരുക്കിയത്. ചൂരിമലയില്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവ വളർത്തു മൃഗങ്ങളെ വേട്ടയാടി തിന്നിരുന്നു.
പിന്നാലെയാണ് രണ്ടിടത്ത് വനംവകുപ്പ് കെണിയൊരുക്കിയത്. ഇതിലൊന്നിലാണ് അതിരാവിലെ കടുവ വീണത്. വനംവകുപ്പെത്തി കടുവയെ കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്കാണ് ആദ്യം കൊണ്ടുപോയത്. കൂടുതല്‍ കടുവകളെ സംരക്ഷിക്കാനുള്ള സൌകര്യം ഇവിടെ ഇല്ലാത്തതിനാലാണ് പുത്തൂരേക്ക് മാറ്റിയത്. നേരത്തെ മൂടക്കൊല്ലിയില്‍ നിന്ന് പിടികൂടിയ കടുവയെയും സംരക്ഷിക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് തൃശ്ശൂരിലേക്ക് മാറ്റിയിരുന്നു.