യൂനിഫോം സിവില്‍ കോഡ് വരും, വന്നിരിക്കും; കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല -സുരേഷ് ഗോപി
കണ്ണൂർ: ഏക സിവില്‍ കോഡ് വരുമെന്നും അത് നടപ്പിലാക്കിയിരിക്കുമെന്നും ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. അത് കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല, സംഭവിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘യൂനിഫോം സിവില്‍ കോഡ് അടുത്ത തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ വാഗ്ദാനമായി വരുമെങ്കില്‍ അത് നടപ്പിലാക്കിയെടുക്കുമെങ്കില്‍ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം? അത് സംഭവിച്ചിരിക്കും. കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല. വന്നിരിക്കും’.
‘ഒരു വിഭാഗത്തെ നശിപ്പിക്കാൻ, വിഷമിപ്പിക്കാനുള്ള സംവിധാനമാണ് അത് എന്ന് ആരും കരുതേണ്ട. ഏറ്റവും കൂടുതല്‍ ബെനഫിഷ്യറി ആകാൻ പോകുന്നത് ആ വിഭാഗം തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുന്നു.’ -സുരേഷ് ഗോപി പറഞ്ഞു.
സ്ത്രീ സമത്വത്തിന് വേണ്ടി മുപ്പത്തിമൂന്നര ശതമാനമെന്ന് പറഞ്ഞതല്ലാതെ പ്രവർത്തിച്ചില്ല. അത് പ്രാവർത്തികമാക്കാൻ ഒരു നരേന്ദ്ര മോദി വന്നിട്ടുണ്ടെങ്കില്‍ സ്ത്രീ സമത്വം എന്ന് പറയുന്നത് അടുത്ത പത്ത് വർഷത്തിനുള്ളില്‍ യാഥാർഥ്യമാകും. ഏതാണ്ട് 37,000 കോടിയാണ് കേരളത്തില്‍ മാത്രം കർഷകർക്ക് ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്ഫറിലൂടെ എത്തിച്ചുകൊടുത്തത് -സുരേഷ് ഗോപി അവകാശപ്പെട്ടു.