രണ്‍ജിത് ശ്രീനിവാസൻ വധം: 15 പ്രതികള്‍ക്കും വധശിക്ഷ
മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ.
മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2021 ഡിസംബർ 19ന് പുലർച്ചയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടില്‍ കയറിയ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ സംഘം ആറ് വാഹനത്തിലായി എത്തി കൃത്യം നടത്തിയെന്നായിരുന്നു കേസ്. 2021 ഡിസംബർ 18ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ടതിന്‍റെ പ്രതികാരമായാണ് കൃത്യം നടന്നതെന്നായിരുന്നു കേസ്.
എസ്.ഡി.പി.ഐ -പോപുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്ബനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്ബലക്കടവ് വടക്കേ ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരങ്ങാട്ട് മുഹമ്മദ് അസ്‌ലം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം (സലാം), അടിവാരം ദാറുസബീൻ വീട്ടില്‍ അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകത്ത് സഫറുദ്ദീൻ, മണ്ണഞ്ചേരി ഉടുമ്ബിത്തറയില്‍ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, മുല്ലക്കല്‍ വട്ടക്കാട്ടുശ്ശേരി നവാസ്, കോമളപുരം തയ്യില്‍വീട്ടില്‍ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയില്‍ സക്കീർ ഹുസൈൻ, തെക്കേവെളിയില്‍ ഷാജി (പൂവത്തില്‍ ഷാജി), മുല്ലക്കല്‍ നൂറുദ്ദീൻ പുരയിടത്തില്‍ ഷെർനാസ് അഷ്റഫ് എന്നിവരാണ് പ്രതികള്‍.
ഒന്നു മുതല്‍ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്നും ഒമ്ബതു മുതല്‍ 12 വരെയുള്ള പ്രതികള്‍ സഹായം നല്‍കിയെന്നും മറ്റുള്ളവർ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും കോടതി കണ്ടെത്തിയിരുന്നു. കേസില്‍ നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.