ബജറ്റ് ഇന്ന്: ‘ഇടക്കാല’മെങ്കിലും പ്രതീക്ഷകളേറെ, നാരീശക്തിക്ക് ഊന്നല്‍ നല്‍കിയേക്കും
ന്യൂഡല്‍ഹി: രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റായതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയർത്തുന്ന സർക്കാർ, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനിടയുണ്ട്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും നാരീശക്തിയെപ്പറ്റി ഊന്നിപ്പറഞ്ഞതും ശ്രദ്ധേയമാണ്. മാർച്ച് 31 വരെയുള്ള ബജറ്റായിരുന്നു കഴിഞ്ഞവർഷത്തേത്. പുതിയ സർക്കാർ ജൂലായ് ആദ്യവാരം പൂർണബജറ്റ് അവതരിപ്പിച്ചേക്കും. അതിനിടയ്ക്കുള്ള രണ്ടുമാസത്തെ വരവുചെലവുകളാണ് ഇടക്കാല ബജറ്റിലുണ്ടാവുക. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനപ്രിയപ്രഖ്യാപനങ്ങള്‍ ഉണ്ടായാലും അദ്ഭുതപ്പെടാനില്ല.
2019-ല്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതിയും ശമ്ബളവരുമാനക്കാർക്ക് നികുതിയാനുകൂല്യത്തിനായി സ്റ്റാൻഡേഡ് ഡിഡക്‌ഷൻ 40,000 രൂപയില്‍നിന്ന് 50,000-മാക്കിയതുംമുതല്‍ ഫിഷറീസിന് പ്രത്യേക വകുപ്പുണ്ടാക്കിയതുവരെ 2019-ലെ ഇടക്കാല ബജറ്റിലാണ്.