രക്തം കുടിക്കും കൊള്ളപലിശാ സംഘങ്ങള്‍

വട്ടിപലിശക്കാരുടെ ഭീഷണിക്കു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ടവരും ഇവരുടെ ഇംഗിതത്തിന് വഴങ്ങി മരിച്ചു ജീവിക്കുന്നവരുമായ നിരവധി ജീവിതങ്ങളിലൂടെ കടന്നു പോകുന്ന പരമ്പര ഈ ലക്കം മുതല്‍

വാസുകി

കൊള്ളപലിശാ സംഘങ്ങള്‍ക്ക് പൂട്ടിടാന്‍ നിയമങ്ങള്‍ പലതുണ്ടെങ്കിലും നിയമം നോക്കുകുത്തി മാത്രമായി നില്‍ക്കുകയാണ്. സ്ത്രീകളെ മാത്രം ലക്ഷ്യം വച്ച് പലിശക്ക് പണം നല്‍കുന്ന സംഘങ്ങള്‍ യഥേഷ്ടം തിരൂര്‍ നഗരത്തില്‍ വിലസുന്നു. തിരിച്ചടവ് വൈകിയാല്‍ ഭീഷണിയും അക്രമവും. എതിര്‍ത്താല്‍ ഗുണ്ടാ വിളയാട്ടം. മുതലിന്റെ പത്തിരട്ടി പലിശ നല്‍കിയാലും വേട്ടയാടിക്കൊണ്ടേയിരിക്കുന്ന ഭീകര റാക്കറ്റാണ് നഗരത്തെ പിടിമുറുക്കിയിരിക്കുന്നത്.

‘ കടം, പലിശ ‘ നമ്മളെല്ലാവരും ഭയപ്പെടുന്നവയാണ്. കടക്കെണിയിലും പലിശകെണിയിലും കുടുങ്ങി അകാലത്തില്‍ പൊലിഞ്ഞുപോയ എത്രയത്ര ജന്മങ്ങള്‍. ആത്മഹത്യ ചെയ്യാന്‍ കാണിക്കുന്ന ആ ഒരു നിമിഷത്തെ ധൈര്യം തന്നെ മതി ഈ കെണികള്‍ തരണം ചെയ്ത് നമുക്ക് ജീവിക്കാന്‍. പക്ഷെ ഇതിനെകുറിച്ച് മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും, അവഹേളനങ്ങളും, പരിഹാസങ്ങളും എല്ലാം ആലോചിക്കുമ്പോള്‍ ഈ കെണിയില്‍ അകപ്പെട്ടത് പറയാന്‍ നമ്മള്‍ മടിക്കുന്നു. പലിശക്കാരുടെ ഭീഷണികള്‍ കൂടി ആവുമ്പോള്‍ നമുക്ക് മുന്നില്‍ രക്ഷപ്പെടാന്‍ ആത്മഹത്യമാത്രം വഴിയാകുന്നു.

ഈയ്യിടെ നമ്മുടെ നാട്ടില്‍ തന്നെ സംഭവിച്ച ഒരു ആത്മഹത്യയുടെ പിന്നാമ്പുറകഥകളിലും ‘പലിശ’ ഒരു പ്രധാന വില്ലന്‍ ആണെന്നുള്ളതാണ് വാസ്തവം. അത്യാവശ്യത്തില്‍ കൂടുതല്‍ തന്റേടം ഉള്ള പെണ്‍കുട്ടി ആയതുകൊണ്ടും, അവളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും ‘അവളൊരിക്കലും ആത്മഹത്യ ചെയ്യില്ല’ എന്ന അറിവ് ലഭിച്ചത് കൊണ്ടും ആണ് അതിനു പിന്നില്‍ എന്താണെന്ന് അറിയാനുള്ള അന്വേഷണം ആരംഭിച്ചത്.

(തുടരും ……)