ടിപ്പര്‍ ലോറിയിടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു
തലശ്ശേരി: റെയില്‍വേ ഗേറ്റ് മറികടക്കാനുള്ള വ്യഗ്രതയില്‍ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും തമ്മിലുരസി. ഇതോടെ നിയന്ത്രണം തെറ്റിയ ടിപ്പർ ഗേറ്റിലിടിച്ചു.
ഗേറ്റ് തകരാറിലായതിനെ തുടർന്ന് വാഹനഗതാഗതം അഞ്ച് മണിക്കൂറോളം മുടങ്ങി. വാഹനങ്ങള്‍ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു. തലശ്ശേരി -കണ്ണൂർ ദേശീയപാതയോട് ചേർന്നുളള കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ വെള്ളിയാഴ്ച രാവിലെ ഒമ്ബതരയോടെയാണ് സംഭവം.
യശ്വന്ത്പൂർ എക്സ്പ്രസ് കടത്തിവിടാൻ ഗേറ്റടക്കുന്നതിനിടയിലാണ് ടിപ്പർ ലോറിയും ഓട്ടോറിക്ഷയും ഉരസിയത്. തലശ്ശേരി ഭാഗത്ത് നിന്ന് വേഗത്തില്‍ എത്തിയ ടിപ്പർ ലോറി മുന്നിലുണ്ടായ ഓട്ടോയില്‍ തട്ടിയ ശേഷമാണ് ഗേറ്റിനിടിച്ചത്. രോഷാകുലനായ ഓട്ടോ ഡ്രൈവർ ടിപ്പർ ലോറി ഡ്രൈവറുമായി കൈയാങ്കളിയിലെത്തി.
ഇരുവരെയും മാറ്റിയശേഷം ഗേറ്റ് മാൻ ഗേറ്റടച്ചു. എന്നാല്‍ ട്രെയിൻ കടന്നുപോയ ശേഷം ഗേറ്റ് തുറക്കാനായില്ല. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ വഴിതിരിച്ചു വിട്ടു. ധർമടം പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. നടുറോഡില്‍ തമ്മിലടിച്ച വാഹന ഡ്രൈവർമാർക്കെതിരെ കേസെടുക്കും. റെയില്‍വേ ഗേറ്റിന് നാശനഷ്ടം വരുത്തിയ ടിപ്പർ ലോറി ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ പിണറായി സ്വദേശി അഖില്‍ പവിത്രനെ (25) തിരെ റെയില്‍വേ ആക്‌ട് 164 വകുപ്പില്‍ കേസെടുത്തു. റെയില്‍വേ ഇൻസ്പെക്ടർ കെ.വി. മനോജാണ് കേസ് അന്വേഷിക്കുന്നത്. വൈകീട്ട് മൂന്നോടെ ഗേറ്റിന്റെ തകരാറ് പരിഹരിച്ച ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.