മദ്യവില്‍പനശാലയിലെ മോഷണം: മൂന്നുപേര്‍ പിടിയില്‍
പാലോട്: പാലോട് ബിവറേജസ് ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയില്‍ സജിന മൻസിലില്‍ സജീർ (37), കല്ലറ തണ്ണിയം പനച്ചമൂട് കിഴക്കുംകര പുത്തൻ വീട്ടില്‍ വിഷ്ണു (26), കല്ലറ മിതൃമ്മല ആയിരവല്ലിക്കോണം തെക്കുംകര പുത്തൻ വീട്ടില്‍നിന്ന് വെള്ളംകുടി എ.കെ.ജി കോളനിക്കുസമീപം താമസിക്കുന്ന ബാബു (43) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ 30ന് പാലോട് പാണ്ഡ്യൻ പാറയിലുള്ള ഷോപ്പിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. 18 കുപ്പി മദ്യവും സി.സി.ടി.വിയുടെ ഡി.വി.ആറും ഷോപ്പിലുണ്ടായിരുന്ന വകുപ്പിന്റെ മൊബൈല്‍ ഫോണും മോഷ്ടിച്ചു. പണം സൂക്ഷിച്ചിരുന്ന സ്ട്രോങ് ബോക്സ് തകർത്ത് പണം കവർച്ച നടത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനമായതിനാല്‍ ചൊവ്വാഴ്ച ഷോപ്പിന് അവധിയായിരുന്നു. ബുധനാഴ്ച രാവിലെ 10ഓടെ ഷോപ് മാനേജർ എത്തിയപ്പോഴാണ് ഷട്ടറിന്‍റെ പൂട്ട് തകർത്ത നിലയില്‍ കണ്ടെത്തിയത്.പിടിയിലായ പ്രതികള്‍ പാങ്ങോട്, വെഞ്ഞാറമൂട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.