കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; നേമം മുന്‍ എസ്.ഐ സമ്ബത്തിനെതിരെ കേസെടുത്തു

നേമം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേമം സൗമ്യ കോളജ് ജങ്ഷന്‍ മെഹ്‌വിഷ് വീട്ടില്‍ നേമം ഷജീറിനെ (36) ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നേമം മുന്‍ എസ്.ഐ കെ.എല്‍.സമ്ബത്ത് കൃഷ്ണക്കെതിരേ നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. ആറുവര്‍ഷം മുമ്ബ് 2017ല്‍ സമ്ബത്ത് എസ്.ഐ ആയിരിക്കുമ്ബോള്‍ നേമം സ്റ്റേഷനില്‍ പരാതിയുമായെത്തിയ ശ്രീജിത്ത് എന്ന യുവാവിനെ പൊലീസ് മര്‍ദിക്കുകയുണ്ടായി.

ഇത് ചോദ്യംചെയ്തതിനാണ് ഷജീറിനെ അന്നത്തെ എസ്.ഐ സമ്ബത്ത് ക്രൂരമായി മര്‍ദിച്ചത്. ശരീരമാസകലം അടിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിക്കുകയും ചെയ്തു. എം. വിന്‍സന്റ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് അന്ന് ഷജീറിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ നിരവധി ശസ്ത്രക്രിയകള്‍ക്ക് ഷജീര്‍ വിധേയനായിരുന്നു.

തന്നെ ക്രൂരമായി ആക്രമിച്ചതിന് ഷജീര്‍ മനുഷ്യാവകാശ കീഷന്‍, പൊലീസ് കംപ്ലയിന്റ് അതോറിറ്റി, നെയ്യാറ്റിന്‍കര കോടതി, സിറ്റി പൊലീസ് കമീഷണര്‍, ഡി.ജി.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് സമ്ബത്തിനെതിരേ എഫ്.ഐ.ആര്‍ ഇട്ട് കേസെടുക്കാന്‍ ഡി.ജി.പി നിർദേശിച്ചത്. ഷജീര്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റാണ്.