വന്യമൃഗ ശല്യമില്ലാത്ത മേഖലയില്‍ ആടുകളെ കാണാതാവുന്നു, പതിവായി വന്നുപോകുന്ന ഓട്ടോ… പിടിയിലായി പ്രതികള്‍
കേളകം: വടക്കേ വയനാട്ടിലെ ആട് മോഷ്ടാക്കള്‍ പിടിയില്‍. കേളകം അടക്കാത്തോട് സ്വദേശികളായ നാല് പേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.പേര്യ ഭാഗത്ത് ആട് മോഷണത്തിനായി എത്തിയ നാല് മോഷ്ടാക്കളാണ് പൊലീസ് പിടിയിലായത്. പേര്യയിലെ വട്ടോളി, മുള്ളല്‍ പ്രദേശങ്ങളിലായിരുന്നു ആട് കളളന്മാരുടെ വിലസല്‍. 2023 ഓഗസ്റ്റുമുതലാണ് മേഖലയില്‍ നിന്ന് പതിവായി ആടുകളെ കാണാതാവാൻ തുടങ്ങിയത്.
വന്യമൃഗങ്ങള്‍ ഇറങ്ങാൻ സാധ്യതയില്ലാത്ത പ്രദേശത്ത് നിന്ന് തുടർച്ചയായി ആടുകളെ കാണാതായതോടെയാണ് ഉടമകള്‍ തലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവില്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് നീങ്ങിയത്. ആദ്യം മോഷണ വാഹനം തിരിച്ചറിഞ്ഞു. പിന്നാലെ മോഷ്ടാക്കളിലേക്ക് എത്തി. ഒത്തുതീർപ്പിനെന്ന് പറഞ്ഞ് പ്രതികളെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
അടയ്ക്കാത്തോട് സ്വദേശികളായ പുതുപ്പറമ്ബില്‍ സക്കീർ, ആലിമേലില്‍ ജാഫർ സാദിഖ്, മരുതകത്ത് ബേബി, ഉമ്മറത്ത് പുരയില്‍ ഇബ്രാഹിം എന്നിവരാണ് പിടിയിലായ പ്രതികള്‍. മോഷണത്തിനു പയോഗിച്ച വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് പ്രതികള്‍ ആടുകളെ മോഷ്ടിച്ചിട്ടുണ്ടോ
എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.