രത്തൻ ടാറ്റയുടെ വിശ്വസ്ത സഹായി; ഈ ചെറുപ്പക്കാരൻ നിസ്സാരക്കാരനല്ല

ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളില്‍ ഒരാളാണ് രത്തൻ ടാറ്റ. വ്യവസായത്തില്‍ മാത്രമല്ല ജീവകാരുണ്യ പ്രവർത്തനങ്ങളിലും ടാറ്റ പ്രശസ്തനാണ്.

രത്തൻ ടാറ്റയുടെ ഏറ്റവും അടുത്ത സഹായികളില്‍ ഒരാളായ, ജനറല്‍ മാനേജർ സ്ഥാനം വഹിക്കുന്ന ചെറുപ്പക്കാരനെ വ്യവസായ ലോകം കാണാൻ തുടങ്ങിയിട്ട് കുറച്ച്‌ വർഷങ്ങളെ ആയിട്ടുള്ളു. ശാന്തനു നായിഡു അതാണ് അയാളുടെ പേര്. ഈ ചെറിയപ്രായത്തില്‍ ജനറല്‍ മാനേജർ തസ്തികയിലേക്ക് ഈ ചെറുപ്പക്കാരൻ എങ്ങനെ എത്തി? അതും രത്തൻ ടാറ്റായുടെ വിശ്വസ്തനായിട്ട്?

2022 ല്‍ രത്തൻ ടാറ്റയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് ഈ ചെറുപ്പക്കാരൻ മാധ്യമ ശ്രദ്ധ നേടുന്നത്. ഒരു മകനെപ്പോലെ ടാറ്റ ശാന്തനുവിനെ ചേർത്ത് പിടിക്കുന്നു. 2022 മെയ് മാസത്തില്‍ ആണ് രത്തൻ ടാറ്റയ്‌ക്കൊപ്പം തൻ്റെ യാത്ര ആരംഭിച്ചത്. എങ്ങനെ ഈ ചെറുപ്പക്കാരൻ രത്തൻ ടാറ്റായുടെ സ്നേഹം പിടിച്ചുപറ്റി എന്നത് അറിയേണ്ടേ..

പൂനെയില്‍ ജനിച്ചു വളർന്ന ശന്തനു നായിഡു 2014-ല്‍ സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ശേഷം, 2016-ല്‍ കോർണല്‍ ജോണ്‍സണ്‍ ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് മാനേജ്‌മെൻ്റില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ശന്തനു പൂനെയിലെ ടാറ്റ എല്‍ക്‌സിയില്‍ ഓട്ടോമൊബൈല്‍ ഡിസൈൻ എഞ്ചിനീയർ ആയി പ്രവർത്തിച്ചു.

ടാറ്റ എല്‍ക്‌സിയില്‍ ജോലി ചെയ്യുന്നതിനിടയില്‍, റോഡില്‍ വാഹനങ്ങളുടെ അമിതവേഗത കാരണം നായകള്‍ അപകടത്തില്‍പ്പെടുന്നതിന് ദൃക്‌സാക്ഷിയായി. വെളിച്ചമില്ലാത്ത കാരണം റോഡില്‍ നായകളെ ഡ്രൈവർമാർ കാണാൻ ബുദ്ധിമുട്ട് നേരിടുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഡ്രൈവർമാർക്ക് ദൂരെ നിന്ന് നായ്ക്കളെ കാണാൻ സഹായിക്കുന്ന റിഫ്ലക്ടറുകള്‍ ഘടിപ്പിച്ച കോളറുകള്‍ അദ്ദേഹവും, ചില സുഹൃത്തുക്കളും ചേർന്ന് ഉണ്ടാക്കി.

ഇത് കൃത്യമായി പ്രവർത്തിക്കുമെന്ന് ശാന്തനുവിന് ഉറപ്പില്ലായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഇത് കാരണം ഒരു നയ രക്ഷപ്പെട്ടെന്ന വാർത്ത അദ്ദേഹത്തെ തേടിയെത്തി. ഇതോടെ ഇതിനായി കൂടുതല്‍ സമയം പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു, എന്നാല്‍ പണത്തിന്റെ അഭാവം ഉണ്ടായിരുന്നു. തന്റെ അച്ഛന്റെ നിർദേശപ്രകാരം ശന്തനു മൃഗസ്നേഹി കൂടിയായ രത്തൻ ടാറ്റയ്ക്ക് കത്തയച്ചു.

ഇത് വലിയൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു. രത്തൻ ടാറ്റ പ്രതികരിക്കുക മാത്രമല്ല, ഈ സംരംഭത്തെക്കുറിച്ച്‌ ചർച്ച ചെയ്യാൻ കൂടിക്കാഴ്ചയ്ക്കായി ശാന്തനുവിനെ ക്ഷണിക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടല്‍ രണ്ട് നായ പ്രേമികള്‍ തമ്മിലുള്ള സൗഹൃദത്തിന് തുടക്കമിടുകയും ഒടുവില്‍ രത്തൻ ടാറ്റയുടെ സഹായിയായും പിന്നീട് ജനറല്‍ മാനേജരായും ശന്തനു മാറി.

ഗുഡ്‌ഫെലോസ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചുകൊണ്ട് ശന്തനു നായിഡു സംരംഭകത്വത്തിലേക്കും കടന്നിട്ടുണ്ട്. മുതിർന്ന പൗരന്മാരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പിന് 5 കോടി രൂപ ലഭിച്ചതായി റിപ്പോർട്ട്.