പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ടം; സഹോദരങ്ങളായ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.

സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ അപേക്ഷ നല്‍കുമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. മുഖ്യപ്രതിയായ അമല്‍ജിത്തിന് വേണ്ടി സഹോദരൻ അഖില്‍ ജിത്താണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്‍റെതാണ്. അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാൻ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. അമല്‍ജിത്തിന്‍റെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരൻ അഖില്‍ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. അമല്‍ ജിത്തും അഖില്‍ ജിത്തും ചേർന്നാണ് പിഎസ്‍സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖില്‍ ജിത്തിന് ഇതിന് മുമ്ബ് പൊലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകള്‍ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയില്‍ പിന്തള്ളപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ട് പേരെയും ചോദ്യം ചെയ്താലേ വ്യക്തത വരൂ എന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്.