ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പാറ്റ; സംഗതി വിവാദമായതോടെ മാപ്പ് പറഞ്ഞ് സൊമാറ്റോ…

ഇത് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണല്ലോ. വിശേഷിച്ചും ഭക്ഷണം ആണ് മിക്കവരും പതിവായി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത് എന്ന് പറയാം.പ്രത്യേകിച്ച്‌ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇതൊരു പതിവ് തന്നെയാണ്.

എന്നാല്‍ ഓണ്‍ലൈൻ ഓര്‍ഡറുകള്‍ ഇത്രമാത്രം കൂടുമ്ബോഴും അതിനെച്ചൊല്ലിയുള്ള പരാതികള്‍ക്ക് കുറവൊന്നും വരുന്നില്ല എന്നതാണ് സത്യം. സോഷ്യല്‍ മീഡിയയില്‍ മിക്കവാറും ഇത്തരത്തിലുള്ള പരാതികള്‍ നമുക്ക് കാണാം. ഇവയില്‍ ചിലതൊക്കെ കണ്ടില്ലെന്ന് വയ്ക്കാവുന്നതാണ്. എന്നാല്‍ ചിലത് അങ്ങനെയല്ല. ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിക്കുകയേ വേണ്ട എന്ന നിലയിലേക്ക് വരെ നമ്മളെ സ്വാധീനിക്കാൻ ഇവയ്ക്കാകും.

ഇത്തരത്തിലൊരു മോശം അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് ഗുരുഗ്രാമില്‍ നിന്നൊരു യുവതി. സൊമാറ്റോ വഴി ഗുരുഗ്രാമില്‍ തന്നെയുള്ളൊരു റെസ്റ്റോറന്‍റില്‍ നിന്ന് ഒരു ജാപ്പനീസ് വിഭവമാണ് യുവതി ഓര്‍ഡര്‍ ചെയ്തത്.

കഴിച്ചുകൊണ്ടിരിക്കെ ഭക്ഷണത്തില്‍ നിന്ന് ഇവര്‍ക്ക് പാറ്റയെ കിട്ടുകയായിരുന്നുവത്രേ. ഇതിന്‍റെ ഫോട്ടോ ഇവര്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്. സംഗതി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മാപ്പ് പറഞ്ഞ് സൊമാറ്റോയും എത്തി.

രൂക്ഷമായ ഭാഷയിലായിരുന്നു യുവതിയുടെ പോസ്റ്റ്. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത അനുഭവം എന്നും ഗുണമേന്മയുടെ കാര്യത്തില്‍ ഈയൊരു നിലവാരമാണ് സൊമാറ്റോ വച്ചുപുലര്‍ത്തുന്നത് എന്നതില്‍ തീവ്രമായ നിരാശ തോന്നിയെന്നുമെല്ലാം ആണ് ഇവര്‍ കുറിച്ചിരിക്കുന്നത്. ധാരാളം പേര്‍ ഇതിനൊപ്പം സൊമാറ്റോയെ ചൊല്ലിയുള്ള പരാതികള്‍ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ സൊമാറ്റോയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയായിരുന്നു.

ഇങ്ങനെയൊരു മോശം അനുഭവമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ സഹായം ഉറപ്പുപറയുകയാണ്. കാര്യങ്ങള്‍ അന്വേഷിക്കാൻ ഞങ്ങള്‍ക്ക് അല്‍പസമയം കൂടി തരണം എന്നാണ് സൊമാറ്റോയുടെ പ്രതികരണം.