ബിവൈഡി സീല്‍ മാര്‍ച്ച്‌ അഞ്ചിന് എത്തും

ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡിയുടെ ഓള്‍-ഇലക്‌ട്രിക് സീല്‍ സെഡാൻ 2024 മാർച്ച്‌ 5-ന് ഷോറൂമുകളില്‍ എത്തും. ബിവൈഡി e6 എംപിവി, അറ്റോ 3 എസ്‍യുവി എന്നിവ അവതരിപ്പിച്ചതിന് പിന്നാലെ ഇത് ഇന്ത്യയില്‍ ചൈനീസ് കമ്ബനിയില്‍ നിന്നുള്ള മൂന്നാമത്തെ ഇലക്‌ട്രിക് ഓഫറാണ്.

വാഹനത്തിനായുള്ള ബുക്കിംഗ് ഡീലർഷിപ്പ് തലങ്ങളില്‍ ആരംഭിച്ചു. യഥാക്രമം 60.95 ലക്ഷം രൂപ മുതല്‍ 65.95 ലക്ഷം രൂപ മുതല്‍ 45.95 ലക്ഷം രൂപ വരെ വിലയുള്ള കിയ EV6, ഹ്യുണ്ടായി അയോണിക്ക് 5 എന്നിവയ്‌ക്കെതിരെയാണ് പുതിയ ബിവൈഡി ഇലക്‌ട്രിക് സെഡാൻ മത്സരിക്കുന്നത്. സീലിന്‍റെ വില വരും ആഴ്ചകളില്‍ പ്രഖ്യാപിക്കും. ഇതിന് 50 ലക്ഷം മുതല്‍ 55 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിവൈഡി സീലിന്‍റെ പവർട്രെയിൻ സജ്ജീകരണം ബ്രാൻഡിന്‍റെ പുതിയ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നു. 61.4kWh, 82.5kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളില്‍ ഇത് ലഭ്യമാണ്. ആദ്യത്തേത് സിംഗിള്‍, ഡ്യുവല്‍ മോട്ടോർ സജ്ജീകരണങ്ങള്‍ ലഭിക്കുമ്ബോള്‍, രണ്ടാമത്തേത് ഇരട്ട മോട്ടോർ ലേഔട്ട് മാത്രമായി വാഗ്‍ദാനം ചെയ്യും.

61.4kWh ബാറ്ററി ഘടിപ്പിച്ച വേരിയന്‍റുകള്‍ 550km റേഞ്ചും 110kW വരെ ചാർജിംഗ് നിരക്കും വാഗ്ദാനം ചെയ്യുന്നു. അതേസമയം, വലിയ 82.5kWh ബാറ്ററി പാക്ക് ഉള്ളവയ്ക്ക് 700km വരെ റേഞ്ച് ലഭിക്കും. കൂടാതെ 150kW വരെ ചാർജിംഗ് നിരക്കും ലഭിക്കും. ഇന്ത്യയില്‍, ഡ്യുവല്‍ മോട്ടോർ സജ്ജീകരണവും AWD സിസ്റ്റവും ഉപയോഗിച്ച്‌ സീല്‍ വാഗ്ദാനം ചെയ്തേക്കാം. 3.8 സെക്കൻഡുകള്‍ക്കുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന, വേഗതയില്‍ ഹ്യുണ്ടായ് അയോണിക് 5, കിയ EV6 എന്നിവയെ മറികടക്കുന്ന ശ്രദ്ധേയമായ ആക്സിലറേഷനാണ് ഇത്.

15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, എച്ച്‌യുഡി (ഹെഡ്-അപ്പ് ഡിസ്‌പ്ലേ), പനോരമിക് സണ്‍റൂഫ്, 12 സ്‍പീക്കർ ഡൈനോഡിയോ ഓഡിയോ സിസ്റ്റം, രണ്ട് എന്നിങ്ങനെ നിരവധി ഫീച്ചറുകളാല്‍ ബിവൈഡി സീല്‍ സമ്ബന്നമാണ്. വയർലെസ് ചാർജിംഗ് പാഡുകള്‍, ക്വില്‍റ്റഡ് വെഗൻ ലെതർ അപ്ഹോള്‍സ്റ്ററി, ഹീറ്റഡ് ആൻഡ് വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ എട്ട് വേ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആറ് വേ ഇലക്‌ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന കോ-ഡ്രൈവർ സീറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ലഭിക്കുന്നു.