ബാങ്കുകാര്‍ സംശയിച്ചില്ല, 6 തവണയായി പണയം വെച്ചത് 15 ലക്ഷത്തിന്‍റെ മുക്കുപണ്ടം; ഒരു വര്‍ഷം ഒളിവില്‍, ഒടുവില്‍ പൊക്കി

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടി ഒളിവില്‍ പോയ കേസിലെ പ്രതിയെ ഒരുവർഷത്തിന് ശേഷം പൊലീസ് പിടികൂടി.

കോട്ടയം കടനാട് കാരമുള്ളില്‍ ലിജു (53) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. മുക്കു പണ്ടം പണയം വെച്ച്‌ 15 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. അങ്കമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 392.17 ഗ്രാം മുക്കുപണ്ടം സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച്‌ പണയം വെച്ച്‌ 15, 31400 രൂപയാണ് ലിജു കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു,

ആറ് തവണകളായാണ് ലിജു വ്യാജ ആഭരണങ്ങള്‍ പണയം വെച്ചത്. സ്വകാര്യ ബാങ്കിലെ ജീവനക്കാർക്ക് സ്വർണ്ണം വ്യാജമാണെന്ന് കണ്ടെത്താനായില്ല. പണം തട്ടിയെടുത്ത ശേഷം ഒരു വർഷത്തോളം ഒളിവില്‍ക്കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പൊക്കിയത്. വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിച്ച പ്രതിയെ ഹൈദരാബാദില്‍ നിന്നാണ് അങ്കമാലി പൊലീസ് പിടികൂടിയത്.

ലിജുവിനെതിരെ സമാനമായ വേറെയും കേസുകള്‍ ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതിക്ക് മറ്റ് കേസുകളുണ്ടോയെന്നും പണയ തട്ടിപ്പിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അങ്കമാലി പൊലീസ് ഇൻസ്പെക്ടർ പി.ലാല്‍ കുമാർ, എസ്.ഐ എം.എസ് ബിജീഷ്, സി.പി.ഒ മാരായ അജിത് കുമാർ, എം.ആർ മിഥുൻ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.