കുടുംബത്തില്‍ നിന്ന് മാറി താമസിക്കാൻ ഭര്‍ത്താവിനെ ഭാര്യ നിര്‍ബന്ധിക്കുന്നത് ക്രൂരത; 

ഡല്‍ഹി: കുടുംബത്തില്‍ നിന്ന് മാറി താമസിക്കാൻ ഭർത്താവിനെ ഭാര്യ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും വീട്ടുജോലികള്‍ ചെയ്യാൻ ഭാര്യയോട് ഭർത്താവ് ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്നും ഡല്‍ഹി ഹൈക്കോടതി.

ഭാര്യയോട് വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭർത്താവ് പറയുന്നത് ഒരിക്കലും ഒരു സഹായം അഭ്യർത്ഥിക്കലായും കാണാൻ സാധിക്കില്ല. അത് കുടുംബത്തോടുള്ള ഒരു സ്ത്രീയുടെ സ്നേഹവും കടപ്പാടുമാണെന്നാണ് കോടതി നിരീക്ഷണം.

ഭർത്താവിനെതിരെ ക്രൂരത കുറ്റമാരോപിച്ച്‌ ഭാര്യ നല്‍കിയ വിവാഹമോചന ഹർജിയിലാണ് കോടതിയുടെ വിചിത്ര വാദങ്ങള്‍. ഭാര്യ വീട്ടിലെ ജോലികള്‍ ചെയ്യാറില്ലെന്നും ഭർതൃഗൃഹത്തില്‍ താമസിക്കുന്നില്ലെന്നും തനിക്കെതിരെ തെറ്റായ കുറ്റങ്ങളാണ് ചുമത്തുന്നതെന്നുമാണ് ഭർത്താവിന്റെ വാദം.

ഭാര്യയും അവരുടെ കുടുംബവും ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുന്നതെന്നും ഭർത്താവ് കോടതിയില്‍ പറഞ്ഞു.

ജസ്റ്റിസ് സുരേഷ് കുമാർ കെയ്റ്റാണ് വാദം കേട്ടത്. ഭർത്താവ് അയാളുടെ മാതാപിതാക്കളില്‍ നിന്ന് പിരിഞ്ഞ് താമസിക്കണമെന്ന് പറയുന്നതാണ് ക്രൂരത. ഹിന്ദു ആചാരപ്രകാരം വിവാഹത്തിന് ശേഷം ഒരു മകൻ കുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്നത് ഹിതമല്ല.

ഭാര്യയോട് വീട്ടു ജോലി ചെയ്യാൻ പറയുന്നത് ഭാര്യയെ വേലക്കാരിയായി കണ്ടിട്ടല്ല. അത് ഭാര്യയുടെ സ്നേഹവും കടമയുമാണ്. വീട്ടിലെ സാമ്ബത്തിക ബാധ്യതകള്‍ ഭർത്താവ് ഏറ്റെടുക്കുമ്ബോള്‍ മറ്റ് വീട്ടുകാര്യങ്ങളുടെ ചുമതല ഭാര്യക്കായിരിക്കും. അതില്‍ ക്രൂരത കാണാനാകില്ല. കോടതി പറഞ്ഞു.