മുണ്ടിനീര് പടരുന്നു, ഒരു ദിവസം 190 കേസുകളുടെ വര്‍ദ്ധനവ്, അറിയാം രോഗ ലക്ഷണങ്ങള്‍…

കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. മാർച്ച്‌ 10 ന് മാത്രം190 കേസുകളുടെ വർദ്ധനവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.കേരള ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം, ഈ മാസം 2,505 വൈറല്‍ അണുബാധ കേസുകളുണ്ട്. പ്രത്യേകിച്ച്‌ കുട്ടികളില്‍, ഈ വർഷം രണ്ട് മാസത്തിനുള്ളില്‍ 11,467 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗം കേസുകളും മലപ്പുറം ജില്ലയില്‍ നിന്നും കേരളത്തിന്‍റെ മറ്റ് വടക്കൻ ഭാഗങ്ങളില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്താണ് മുണ്ടിനീര്?

മുണ്ടിനീര് പ്രധാനമായും ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധി വൈറല്‍ അണുബാധയാണ്. ഇത് പാരാമിക്സോ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. വൈറസ് സാധാരണഗതിയില്‍ പകരുന്നത് ശ്വസന തുള്ളികളിലൂടെയോ അല്ലെങ്കില്‍ രോഗബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ ആണ്. ഈ അണുബാധ ശ്വാസനാളത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും പിന്നീട് രക്തപ്രവാഹത്തിലൂടെ വ്യാപിക്കുകയും ചെയ്യുന്നു. ഉമിനീർ ഉല്‍പ്പാദിപ്പിക്കുന്നതിന് ഉത്തരവാദികളായ പരോട്ടിഡ് ഗ്രന്ഥികളെ വൈറസ് ലക്ഷ്യമിടുന്നു, ഇത് വീക്കത്തിലേക്ക് നയിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ മുണ്ടിനീര് ഉണ്ടാകാം.

ലക്ഷണങ്ങള്‍…

മുഖത്തെ വീക്കം ആണ് മുണ്ടിനീരിന്‍റെ ഒരു പ്രധാന ലക്ഷണം. ചെവിയുടെ താഴെ കവിളിന്‍റെ വശങ്ങളിലാണ് വീക്കം പൊതുവേ കാണപ്പെടുന്നത്. അതുപോലെ കഴുത്തിന് പിന്നീലെ വീക്കം, പനി, നീരുള്ള ഭാഗത്ത് വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വായ തുറക്കാനും വെള്ളം കുടിക്കാനുമൊക്കെ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉറപ്പായും ഡോക്ടറെ കാണുക. കൃത്യമായുള്ള രോഗ നിര്‍ണയം രോഗം അണുബാധ പടരാതിരിക്കാന്‍ ഗുണം ചെയ്യും.

രോഗംഭേദമാകുന്നതുവരെ മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുകയും വേണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാന്‍ സഹായിച്ചേക്കാം.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.