വിശന്ന മനുഷ്യരെ കൊന്നൊടുക്കി ഇസ്രായേല്‍: വീണ്ടും ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ ബോംബാക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു, 150ലേറെ പേര്‍ക്ക് പരിക്ക്
ഗസ്സ: വിശന്നുപൊരിഞ്ഞ ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യർ ഒരുപിടി ഭക്ഷണത്തിനായി കാത്തിരിക്കുമ്ബോള്‍ അവരെ ഭക്ഷണത്തിനുമുന്നില്‍ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്ന ഇസ്രായേല്‍ ക്രൂരത തുടരുന്നു.
ഇന്നലെ ഗസ്സ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടില്‍ സഹായം കാത്തിരുന്നവർക്ക് നേരെ ഇസ്രായേല്‍ സൈനിക ഹെലികോപ്റ്റർ രണ്ടുതവണ വ്യോമാക്രമണം നടത്തി. 21 മനുഷ്യർ പിടഞ്ഞുവീണുമരിച്ചു. 150ലേറെ പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സഹായ വിതരണത്തിന് കാത്തിരിക്കുന്നവർക്ക് നേരെ ഇതേ സ്ഥലത്തുവെച്ച് മുമ്ബും ഇസ്രായേല്‍ സേന കൂട്ടക്കൊല നടത്തിയിരുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരെയും ഗസ്സ സിറ്റിയിലെ അല്‍ ശിഫ ആശുപത്രിയിലും കമാല്‍ അദ്‍വാൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ് അവയവങ്ങള്‍ നഷ്ടപ്പെട്ടവരെയും ചോരയൊലിക്കുന്നവരെയും അല്‍ശിഫ മെഡിക്കല്‍ കോംപ്ലക്‌സിലെ നിലത്ത് കിടത്തിയിരിക്കുകയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാരും സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ പരിക്കേറ്റവരെ വേണ്ടവിധം ശുശ്രൂഷിക്കാനാവുന്നില്ലെന്ന് ഇവർ പറഞ്ഞു.
ഭക്ഷണം തേടിയെത്തിയവർക്കും വിതരണം ചെയ്യുന്നവർക്കും നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍:
മാർച്ച് 14: ഗസ്സ സിറ്റി കുവൈത്ത് റൗണ്ട് എബൗട്ടില്‍ സഹായത്തിനായി എത്തിയവർക്ക് നേരെ ഇസ്രായേല്‍ സൈനിക ഹെലികോപ്റ്ററില്‍നിന്ന് വെടിവെപ്പ്: 21മരണം, നൂറിലധികം പേർക്ക് പരിക്കേറ്റു
മാർച്ച് 3: ദേർ അല്‍ ബലാഹില്‍ സഹായ വിതരണ ട്രക്കിന് നേരെ ഇസ്രായേല്‍ ആക്രമണം. ഒമ്ബത് പേർ കൊല്ലപ്പെട്ടു.
ഫെബ്രുവരി 29: ഗസ്സ സിറ്റിയില്‍ ഭക്ഷണത്തിനായി കാത്തിരുന്ന ആളുകള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 112 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു.
ഫെബ്രുവരി 26: ഗസ്സ സിറ്റിയില്‍ ഭക്ഷ്യസഹായ ട്രക്കുകള്‍ക്കായി കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രായേല്‍ സേനയുടെ ഷെല്ലാക്രമണവും വെടിവെപ്പും.10 പേർ കൊല്ലപ്പെട്ടു.
ജനുവരി 25: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സ സിറ്റിയില്‍ സഹായത്തിനായി കാത്തിരുന്ന 20 പേർ കൊല്ലപ്പെട്ടു.
ഡിസംബർ 29: വടക്കൻ ഗസ്സയില്‍നിന്ന് ഇസ്രായേല്‍ സൈന്യം സുരക്ഷിതമെന്ന് നിശ്ചയിച്ച റൂട്ടിലൂടെ സഞ്ചരിച്ച സഹായ വിതരണ സംഘത്തിന് നേരെ ഇസ്രായേല്‍ സൈനികർ വെടിയുതിർത്തു.
നവംബർ 7: റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയുടെ സഹായ വാഹനവ്യൂഹത്തിന് ഗസ്സ സിറ്റിയില്‍ വെടിവെപ്പ്