മുടികൊഴിച്ചില്‍ കുറയ്ക്കാൻ റോസ് മേരി ; ഈ രീതിയില്‍ ഉപയോഗിക്കൂ

മുടികൊഴിച്ചില്‍ പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. മുടികൊഴിച്ചില്‍ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി പ്രതിവിധികളുണ്ട്.

മുടികൊഴിച്ചില്‍ എളുപ്പത്തില്‍ മാറ്റാൻ സഹായിക്കുന്നതാണ് റോസ്മേരി. മുടികൊഴിച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ മാർഗമാണ് റോസ്മേരി. മുടി ഉള്ളോടെ വളരാൻ റോസ്മേരി ഏറെ സഹായിക്കും.

റോസ് മേരിയില്‍ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങള്‍ ആരോഗ്യകരമായ രോമകൂപങ്ങളെയും മുടി വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. റോസ്മേരി ഓയില്‍ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും, ഇത് രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളും ഓക്സിജനും മെച്ചപ്പെടുത്തുന്നതിലൂടെ മുടി വളർച്ചയെ ഉത്തേജിപ്പിക്കും.

രക്ത വിതരണത്തിൻ്റെ അഭാവം മുടി കൊഴിയുന്നതിനും മുടി വളർച്ചാ ചക്രത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. റോസ്മേരി രക്തചംക്രമണവും നാഡീവളർച്ചയും മെച്ചപ്പെടുത്തുന്നു. റോസ്മേരിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ താരൻ, ചൊറിച്ചില്‍ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

മുടിയില്‍ തേയ്ക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഉപയോഗിക്കാവുന്നതാണ്. തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം കുറച്ച്‌ തുള്ളി റോസ് മേരി ഓയില്‍ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും.

റോസ്മേരി ദിവസവും ഉപയോഗിക്കുന്ന മറ്റ് എണ്ണകള്‍ക്കൊപ്പം ചേർക്കാവുന്നതാണ്. ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം ഇതും കൂടി ചേർത്ത് ഉപയോഗിക്കാം.

മുടി കഴുകാൻ ഏറെ മികച്ചതാണ് റോസ് മേരി ചായ. ഇതില്‍ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയില്‍, ആൻ്റി ഫംഗല്‍ ഗുണങ്ങള്‍ മുടിയ്ക്ക് ഏറെ നല്ലതാണ്. രണ്ട് കപ്പ് വെള്ളത്തില്‍ റോസ് മേരിയിട്ട് നന്നായി തിളപ്പിക്കുക. അതിന് ശേഷം ഇത് ചൂട് മാറാൻ വയ്ക്കുക. മുടി ഷാംപൂ ഇട്ട് കഴുകിയ ശേഷം അവസാനം റോസ്മേരി ചായ മുടിയിലൊഴിച്ച്‌ കഴുകാവുന്നതാണ്.