പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: കേസ് പിൻവലിക്കല്‍ വേഗത്തിലാക്കാൻ നിര്‍ദേശം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി (സി.എ.എ) വിഷയത്തില്‍ പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം.ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തീരുമാനം.

മുസ്‍ലിം സംഘടനകളും പ്രതിപക്ഷപാർട്ടികളും ഉള്‍പ്പെടെ കേസുകള്‍ പിൻവലിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിൻവലിക്കുന്നതിന് 2022 ഫെബ്രുവരിയില്‍ സർക്കാർ തീരുമാനിച്ചിരുന്നു. പിൻവലിക്കാമെന്ന് തീരുമാനിച്ച എല്ലാ കേസുകളിലും അപേക്ഷ കോടതിയില്‍ സമർപ്പിച്ചുവെന്ന് ഉറപ്പാക്കണം. ജാമ്യം ലഭിക്കാൻ അർഹതയുള്ള കേസുകളിലും വേഗത്തില്‍ നടപടി സ്വീകരിക്കണം. സർക്കാർ അഭിഭാഷകർക്ക് ഇതുസംബന്ധിച്ച നിർദേശം നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി നിർദേശിച്ചു. കേസുകള്‍ പിൻവലിക്കാൻ സർക്കാർ പ്രോസിക്യൂട്ടർ വഴി അനുകൂല റിപ്പോർട്ട് ഹാജരാക്കുമ്ബോള്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്.

സി.എ.എയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത 7913 പേർക്കെതിരെ 835 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഒരാഴ്ച മുമ്ബത്തെ കണക്കനുസരിച്ച്‌ 114 കേസുകള്‍ പിൻവലിച്ചു. 241 കേസുകളില്‍ ശിക്ഷ വിധിച്ചു. 11 കേസുകളില്‍ ഉള്‍പ്പെട്ടവരെ കുറ്റമുക്തരാക്കി. 502 കേസുകള്‍ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. 2019ലാണ് പാർലമെന്റ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. മാർച്ച്‌ 11ന് വിജ്ഞാപനം പുറത്തിറക്കി. ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ 2019 ഡിസംബർ 10 മുതലാണ് കേസുകള്‍ രജിസ്റ്റർ ചെയ്തു തുടങ്ങിയത്.