മമ്മൂക്കയുടെ സൗന്ദര്യത്തെ എനിക്ക് ഉടയ്ക്കാൻ പറ്റാത്തൊരു അവസ്ഥയായി പോയി: ബ്ലെസി
കാഴ്ച എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ബ്ലെസി സ്വതന്ത്രസംവിധായകൻ എന്ന രീതിയില്‍ തന്റെ കരിയർ ആരംഭിച്ചത്.
പ്രേക്ഷകരുടെ കണ്ണുനനയിക്കുന്ന കാഴ്ചാനുഭവം സമ്മാനിച്ച ആ ചിത്രം 2004ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അഞ്ച് അവാർഡുകളാണ് ‘ നേടിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ സംവിധായകനായി ബ്ലെസി മാറി. മികച്ച നടന് (മമ്മൂട്ടി), മികച്ച ബാലതാരങ്ങള്‍ (യഷ്, സനുഷ), ജനകീയ സിനിമ എന്നീ വിഭാഗങ്ങളിലും കാഴ്ച പുരസ്കാരങ്ങള്‍ നേടി.
തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ബ്ലെസി ഇതിനകം സംവിധാനം ചെയ്തതെങ്കിലും മലയാളത്തിലെ ഏറ്റവും പ്രോമിസിംഗായ സംവിധായകരുടെ ലിസ്റ്റിലാണ് ബ്ലെസിയുടെയും സ്ഥാനം. ബ്ലെസിയുടെ കരിയറിലെ എട്ടാമത്തെ ചിത്രം ‘ആടുജീവിതം’ ഇപ്പോള്‍ പ്രദർശനത്തിനു ഒരുങ്ങുകയാണ്. ചിത്രം മാർച്ച് 28ന് തിയേറ്ററുകളിലെത്തും.
‘ആടുജീവിത’വുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടയില്‍ മമ്മൂട്ടിയെ കുറിച്ചും കാഴ്ചയിലെ കഥാപാത്രത്തെ കുറിച്ചും ബ്ലെസി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ കവരുന്നത്. കാഴ്ചയില്‍ കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനായാണ് മമ്മൂട്ടി എത്തിയത്. സാധാരണക്കാരനായൊരു മനുഷ്യൻ. എന്നാല്‍ മമ്മൂട്ടിയുടെ സൗന്ദര്യത്തിനു അനുസരിച്ച് ആ കഥാപാത്രത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നിട്ടുണ്ടെന്നാണ് ബ്ലെസി പറയുന്നത്.
“മമ്മൂക്ക വളരെ സുന്ദരനായൊരു മനുഷ്യനാണ്. അദ്ദേഹത്തെ സാധാരണ ഒരു കുട്ടനാട്ടുക്കാരനാക്കാൻ ആക്കാൻ വേണ്ടി ഞാൻ ഫോട്ടോഷോപ്പില്‍ താടി വച്ചുനോക്കി, മുടി നീട്ടി നോക്കി. പല രൂപങ്ങളും നോക്കി. അദ്ദേഹത്തിന്റെ സൗന്ദര്യത്തെ എനിക്ക് ഉടയ്ക്കാൻ പറ്റാത്തൊരു അവസ്ഥയായി പോയി. പിന്നെ എന്തു ചെയ്യും? ഞാൻ ആ കഥാപാത്രത്തിലേക്കും അതുകൊണ്ടു വന്നു. പോക്കറ്റിലൊരു ചീർപ്പും കൊണ്ടുനടക്കുന്ന ഒരാളാക്കി മാറ്റി. ഇദ്ദേഹം സുന്ദരനും വൃത്തിക്കാരനുമാവുന്നതിനുള്ള ന്യായീകരണം കൊണ്ടുവന്നു. പണ്ട് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ ആളാണ് എന്നൊക്കെ പറഞ്ഞ് അതിനെ പ്ലെയ്സ് ചെയ്യുകയാണ് ചെയ്തത്,” ബ്ലെസി പറയുന്നു.
ആടുജീവിതം തിയറ്ററുകളിലേക്ക് എത്താന് രണ്ടു ദിവസം ബാക്കി നില്ക്കെ അഡ്വാന്സ് ബുക്കിംഗിലും തരംഗം തീർക്കുകയാണ് ചിത്രം. ഒന്നര ലക്ഷത്തോളം ചിത്രങ്ങളാണ് ഇതുവരെ വിറ്റുപോയത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.