തമിഴ്നാട് പൊലീസിന്റെ കയ്യില്‍ നിന്ന് കൊടുംകുറ്റവാളി ചാടിപ്പോയി; കയ്യോടെ പൊക്കി കേരള പൊലീസ്, കയ്യടി

ചെന്നൈ: തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ കേരള പൊലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാല്‍സംഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണഗിരി മൈലമ്ബാടി സ്വദേശി എംജെ ലെനിനെയാണ് വയനാട് പൊലീസ് സംഘം പിടിച്ചത്.
മംഗലാപുരത്തേക്ക് കടക്കാനുള്ള പ്രതിയുടെ ശ്രമത്തിനിടയിലാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

തമിഴ്‌നാട്ടില്‍ ബലാല്‍സംഗം, കൊലപാതകക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഇയാളെ അമ്ബലവയല്‍ കൂട്ട ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുമ്ബോഴാണ് തമിഴ്‌നാട് പൊലീസുകാരില്‍ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മേപ്പാടി സ്റ്റേഷൻ പരിധിയിലെ കാപ്പംകൊല്ലിയില്‍ വെച്ചായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ രജിസ്റ്റർ ചെയ്ത ഇരട്ടക്കൊലപാതകക്കേസില്‍ 64 വർഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിൻ. 2022-ല്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുവന്ന് എടയ്ക്കലിലെത്തിച്ച്‌ കൂട്ടബലാല്‍സംഗം ചെയ്ത കേസിലും പ്രതിയാണ് ഇയാള്‍. അമ്ബലവയല്‍, സുല്‍ത്താൻ ബത്തേരി, കല്‍പ്പറ്റ പൊലീസ് സ്‌റ്റേഷനുകളില്‍ വിവിധ കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വയനാട് ജില്ലാ പൊലീസ് മേധാവി റ്റി നാരായണന്റെ നിർദേശപ്രകാരം മേപ്പാടി ഇൻസ്‌പെക്ടർ എസ്‌എച്ച്‌ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം, കോഴിക്കോട് പൊലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. എസ്‌ഐ ഹരീഷ് കുമാർ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ കെകെ വിപിൻ, നൗഫല്‍, സിപിഒ സക്കറിയ, ഷാജഹാൻ എന്നിവരും പൊലീസ്സംഘത്തിലുണ്ടായിരുന്നു.