കൊള്ള പലിശാ സംഘത്തിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘സിറ്റിസ്‌കാന്‍ മീഡിയ’ ക്കെതിരെ ഭീഷണിയും വ്യാജ പ്രചാരണവും; പരാതി നല്‍കി മാനേജ്‌മെന്റ്
തിരൂര്‍: കൊള്ള പലിശാ സംഘങ്ങളുടെ ഭീഷണിക്കു മുന്നില്‍ ജീവിതം ഹോമിക്കപ്പെട്ട നിരവധി കുടുംബങ്ങളുടെ പരാതിയും ദയനീയതയും സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടിയ ‘സിറ്റിസ്‌കാന്‍ മീഡിയ’ ക്കെതിരെ ഭീഷണിയും വ്യാജ പ്രചാരണവും. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത സംഘം നേരത്തെ ബന്ധപ്പെടുകയും പല ഓഫറുകളും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു വഴങ്ങാതെ വന്നതോടെയാണ് മാധ്യമ സ്ഥാപനത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ഭീഷണിയും വ്യാജ പ്രചാരണവും നടത്തികൊണ്ടിരിക്കുന്നത്.
ജനുവരി 31 ന് സിറ്റിസ്‌കാന്‍ പ്രിന്റ് എഡിഷനില്‍ ആരംഭിച്ച ‘രക്തം കുടിക്കും കൊള്ള പലിശാ സംഘങ്ങള്‍’ എന്ന പരമ്പരയുടെ തുടര്‍ വാര്‍ത്തകള്‍ സിറ്റിസ്‌കാന്‍ ഓണ്‍ലൈന്‍ എഡിഷനുകളിലും ഏപ്രില്‍ 9 ചൊവ്വാഴ്ച (ഇന്ന് ) പുറത്തിറങ്ങിയ പ്രിന്റ് എഡിഷനിലും പ്രസിദ്ധീകരിച്ചിരുന്നു. ഒരു പെണ്‍കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സംശയ നിഴലില്‍ നില്‍ക്കുന്ന പലിശാ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദമ്പതികളെ കുറിച്ച് കൃത്യമായ സൂചനകള്‍ നല്‍കുന്നതായിരുന്നു വാര്‍ത്ത.
തിരൂരിലെ തയ്യല്‍ കട കേന്ദ്രീകരിച്ചും വാടക വീട് കേന്ദ്രീകരിച്ചും അനധികൃത പലിശാ ഇടപാട് നടത്തുന്ന ഈ ദമ്പതികള്‍ക്കെതിരെ നിരവധി കുടുംബങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. നാല് ലക്ഷം രൂപ ഇവരില്‍ നിന്നും കൈപറ്റിയതിന്റെ പേരില്‍ 20 ലക്ഷം തിരിച്ചടച്ചിട്ടും വാങ്ങിയ ചെക്കും രേഖകളും നല്‍കാതെ ഭീഷണി തുടരുന്ന സാഹചര്യത്തിലായിരുന്നു ഒരു വീട്ടമ്മ പരാതിയുമായി രംഗത്തു വന്നത്. ഇവര്‍ പലിശ ഇടപാടിനായി സ്ത്രീകളെയാണ് സ്ഥിരം തെരഞ്ഞടുത്തിരുന്നത്. നിരവധി കുടുംബങ്ങള്‍ ഇവരുടെ കൊളള പലിശാ ചതിയില്‍ കുടുങ്ങിയിട്ടുണ്ട്. ഈ സംഭവം സിറ്റിസ്‌കാന്‍ വാര്‍ത്തയില്‍ വിശദമായി പ്രതിപാധദിക്കുന്നാണ്.
നിരവധി കുടുംബങ്ങളുടെ പരാതിയിയെ തുടര്‍ന്ന് അനധികൃത പലിശാ ഇടപാട് നിയന്ത്രിക്കുന്ന ദമ്പതികളെയും സഹായികളെയും കേന്ദ്രീകരിച്ച് ഇതില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ പലിശാ മാഫിയക്കാരില്‍ നിന്നും സിറ്റിസ്‌കാന്‍ മീഡിയക്കു നേരെ ഭീഷണിയും വ്യാജ പ്രചാരണവും നനടക്കുന്നത്. സംഭവത്തില്‍ സിറ്റി സ്‌കാന്‍ മാനാജ്‌മെന്റ് തിരൂര്‍ സി.ഐ എം.കെ രമേശിന് പരാതി നല്‍കി.
സിറ്റിസ്‌കാന്‍ മാധ്യമ സ്ഥാപനത്തിനും മാനേജ്ന്റ് പ്രതിനിധികള്‍ക്കും എതിരിരെ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും, പ്രചാരണത്തില്‍ മാന്യ വായനക്കാര്‍ വഞ്ചിതരാകരുതെന്നും, അനധികൃത പലിശാ സംഘങ്ങളെ കുറിച്ചുള്ള പരമ്പരയും വാര്‍ത്തകളും നിര്‍ഭയമായി തുടര്‍ന്നും പ്രസിദ്ധീകരിക്കുമെന്നും സിറ്റിസ്‌കാന്‍ മാനേജിംഗ് എഡിറ്റര്‍ എം.പി റാഫി അറിയിച്ചു.