പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു.
സി.പി.എമ്മിന്റെ ചിഹ്നം ആലേഖനം ചെയ്ത മാസ്കാണ് ഇവർ ധരിച്ചത്.
തിരുവനന്തപുരം: ഡിസംബർ എട്ടിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്കിടെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കൊല്ലം ജില്ലയിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കുളശ്ശേരി ഒന്നാം നമ്പർ പോളിങ് സ്റ്റേഷനിൽ പോളിങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കൊല്ലം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
സി.പി.എമ്മിന്റെ ചിഹ്നം ആലേഖനം ചെയ്ത മാസ്കാണ് ഇവർ ധരിച്ചത്. മുഖത്തല ബ്ലോക്ക് കൊറ്റങ്കര പഞ്ചായത്തിലെ വേലങ്കോണം ജോൺസ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പർ ബൂത്തിലായിരുന്നു സംഭവം.
ഇവർ മാസ്ക് ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിടെ യു.ഡി.എഫ് നേതൃത്വം ജില്ലാ കലക്ടർക്ക് രേഖാമൂലം പരാതിയും നൽകി. തുടർന്ന് ഉദ്യോഗസ്ഥയെ അടിയന്തരമായി തെരഞ്ഞെടുപ്പ് ചുമതലയിൽനിന്നു മാറ്റാൻ ജില്ല കലക്ടർ ബി. അബ്ദുൽ നാസർ ഉത്തരവിട്ടിരുന്നു.