വിഷു ദിനത്തില്‍ മഴയെത്തും, ഇന്ന് 5 ജില്ലകളില്‍ മഴ പ്രവചിച്ച്‌ കാലാവസ്ഥാ വകുപ്പ്, 40 കി.മീ വേഗതയില്‍ കാറ്റിനും സാധ്യത

തിരുവനന്തപുരം: വിഷു ദിനത്തില്‍ പൊള്ളുന്ന ചൂടിന് ആശ്വാസമായി അഞ്ച് ജില്ലകളില്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. അതേസമയം വരും മണിക്കൂറുകളില്‍ കേരളത്തിലെ തൃശൂർ, പാലക്കാട്‌ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പതിനാറാം തീയതി 9 ജില്ലകളിലാണ് മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. 17-ആം തീയതി കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

അതേസമയം ഏപ്രില്‍ 17 സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടും. 11 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39°C വരെയും തൃശ്ശൂർ ജില്ലയില്‍ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 13 മുതല്‍ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.