ലോക്‍സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇതുവരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കൾ
ലോക്‍സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ഡി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കാണിത്.
മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനകളിൽ 1. 53 കോടി രൂപ പണമായും 11.55 ലക്ഷം രൂപ വില വരുന്ന 1214.65 ലിറ്റർ മദ്യവും, 3.80 കോടി രൂപ വിലവരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 22.47 കിലോഗ്രാം മയക്കുമരുന്നും 69. 93 ലക്ഷം രൂപ വില വരുന്ന മറ്റു വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം 10.71 കോടി രൂപയുടെ 14.68 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിലും കൊണ്ടോട്ടി, മലപ്പുറം മണ്ഡലങ്ങളിലുമുള്ള ഡി. ആർ. ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) സ്ക്വാഡുകള്‍ അടക്കമുള്ളവയുടെ പരിശോധനകളിലാണ് സ്വർണം പിടിച്ചെടുത്തത്. കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നും 5.15 കോടി രൂപ വില വരുന്ന 6.5 കിലോ സ്വർണവും മലപ്പുറം മണ്ഡലത്തിൽ നിന്നും 5.55 കോടി രൂപ വില വരുന്ന 8.17 കിലോ സ്വർണവും പിടികൂടിയിട്ടുണ്ട്.
പെരിന്തൽമണ്ണ, തിരൂരങ്ങാടി, കോട്ടയ്ക്കൽ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തിട്ടുള്ളത്. പെരിന്തൽമണ്ണയിൽ നിന്നും 50.24 ലക്ഷം രൂപയും, തിരൂരങ്ങാടിയിൽ നിന്ന് 45.42 ലക്ഷവും കോട്ടയ്ക്കലിൽ നിന്ന് 38.88 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
നിലമ്പൂർ, പെരിന്തൽമണ്ണ ,വണ്ടൂർ മണ്ഡലങ്ങളിൽ നിന്നും യഥാക്രമം 386 , 335, 106 ലിറ്റർ മദ്യവും പിടിച്ചെടുത്തവയിൽ പെടുന്നു. പൊന്നാനി, മഞ്ചേരി, തവനൂർ മണ്ഡലങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടികൂടിയത്.
പിസ്റ്റള്‍, ഇന്നോവ കാര്‍, നാലു ഡ്രോണ്‍ ക്യാമറകള്‍ എന്നിവയും പിടിച്ചെടുത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ജില്ലയില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും ആറു വീതം സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, മൂന്ന് വീതം ഫ്‌ളെയിങ് സ്‌ക്വാഡ്, രണ്ടു വീതം വീഡിയോ സര്‍വെയലന്‍സ് ടീം, ഓരോ വീഡിയോ വ്യൂയിങ് ടീം, എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.
ലോക്‍സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം ഇന്നലെ (ഏപ്രില്‍ 19) ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ഏറനാട്, പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ നിന്നും നാലു ലിറ്റര്‍ വിദേശ മദ്യം വീതവും മഞ്ചേരിയില്‍ നിന്നും 3.5 ലിറ്റര്‍ വിദേശ മദ്യവും പിടികൂടിയിട്ടുണ്ട്.